മാന്നാർ: പരുമല തിക്കപ്പുഴ തിരുവാർമംഗലം ശിവക്ഷേത്രത്തിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും മോഷണം. ക്ഷേത്രത്തിന്റെ തിടപ്പള്ളി കുത്തിതുറന്ന് മൂന്ന് വലിയ വിളക്കുകളും ഉരുളിയും അപഹരിച്ച മോഷ്ടാക്കൾ ശ്രീകോവിലും കാണിക്കവഞ്ചിയും കുത്തിത്തുറക്കാനുള്ള ശ്രമങ്ങളും നടത്തി. ക്ഷേത്രത്തിന് സമീപമുള്ള ലിജോയുടെ ഉടമസ്ഥതയിലുള്ള പൊന്നൂസ് ബേക്കറി, ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള ഹരി വിജയ ബേക്കറി, സോമന്റെ ഉടമസ്ഥതയിലുള്ള കേരളാ സ്‌റ്റോർ എന്നിവിടങ്ങളിലും മോഷണം നടന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പൊന്നൂസ് ബേക്കറിയുടെ പുറത്തെ ഗ്രില്ലും അകത്തുള്ള ഷട്ടറിന്റെ പൂട്ടും തകർത്ത് നാലായിരം രൂപയോളം അപഹരിച്ച മോഷ്ടാക്കൾ ഇവിടെ നിന്നും എടുത്ത് കുടിച്ച ശീതള പാനീയങ്ങളുടെ ഒഴിഞ്ഞ കുപ്പികൾ ഉപേക്ഷിച്ചാണ് പോയത്. ഹരി വിജയ ബേക്കറിയിൽ രാവിലെ പാലിനും മറ്റുമായി സൂക്ഷിച്ചിരുന്ന പണം മേശവലിപ്പ് ഉൾപ്പടെയാണ് മോഷ്ടിച്ചത്. ഇതിന് സമീപത്തായി മോഷണം നടന്ന കേരളാ സ്റ്റോറിലെ കാമറയിൽ മുഖംമൂടിയും കൈഉറകളും ധരിച്ച് പിക്കാസ് കൊണ്ട് പൂട്ട് പൊളിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും ഇരുട്ടായതിനാൽ വ്യക്തമല്ല. ഇതിന് മുമ്പും തിക്കപ്പുഴയിലെ കടകളിൽ മോഷണം നടന്നിട്ടുണ്ട്. പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.