ചേർത്തല: മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക മണ്ണുദിനാഘോഷത്തിന്റെ സമാപനം 11ന് തണ്ണീർമുക്കം വെള്ളിയാകുളം എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. ആരോഗ്യമുള്ള മണ്ണിൽ മാത്രമേ ആരോഗ്യമുള്ള സമൂഹമുള്ളുവെന്ന സന്ദേശവുമായാണ് ദിനാഘോഷം നടത്തുന്നതെന്ന് മണ്ണ് സംരക്ഷണവകുപ്പ് അസിസ്​റ്റന്റ് ഡയറക്ടർ ഇൻ ചാർജ്ജ് എൻ.വി.ശ്രീകല,ജില്ലാ ഓഫീസർ വി.എം.അശോക് കുമാർ,തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ.ജി.പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10ന് കൃഷിമന്ത്റി പി.പ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മണ്ണാരോഗ്യ കാർഡുകളും മന്ത്രി വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയാകും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും. ജില്ലയിലെ പഞ്ചായത്തുതല നീർത്തട ഭൂപടങ്ങൾ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ കൈമാറും. വിദ്യാർത്ഥികൾക്കായി നടത്തിയ മണ്ണറിവു മത്സരങ്ങളിലെ വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സുരേഷ് സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് നടക്കുന്ന കാർഷിക സെമിനാറിൽ മണ്ണ് പരിപാലനം തെങ്ങ് അധിഷ്ഠിത കൃഷി എന്ന വിഷയത്തിൽ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയിന്റിസ്റ്റ് ഡോ. അബ്ദുൾ ട്ടാരീസ് ക്ലാസ് നയിക്കും. തുടർന്ന് റിസർച്ച് അസിസ്റ്റന്റ് മെറ്റിൽഡ ഡി.കോസ്റ്റ സോയിൽ സർവേ വികസിപ്പിച്ച മണ്ണ് മൊബൈൽ ആപ്ലിക്കേഷൻ പരിചയപ്പെടുത്തും.