അമ്പലപ്പുഴ: കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഗേറ്റ് കവർന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ റഷീദ് (48), അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ സാബു ( 52 ) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
10,000 രൂപയോളം വരുന്ന ഗേറ്റ് ദേശീയപാത വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്ത് സ്കൂൾ വളപ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതാണ് ഇരുവരും ചേർന്ന് കവർന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താലായിരുന്നു അറസ്റ്റ്. ഇരുവരെയും റിമാൻഡ് ചെയ്തു.