photo
അപകടാവസ്ഥയിലായ സ്മാരകത്തിന്റെ മേൽക്കൂരയിലെ തൂലിക

# കവിയുടെ ഓർമ്മകൾക്ക് അടുത്ത മാസം 100 വർഷം

ആലപ്പുഴ: അവഗണനയിൽ നിന്ന് കരകയറാനാവാതെ പല്ലന കുമാരനാശാൻ സ്മാരകം. മഹാകവി പല്ലന ആറ്റിൽ ബോട്ടപകടത്തിൽ ഓർമ്മയായിട്ട് അടുത്തമാസം 100 വർഷം തികയുകയാണ്.

സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത സ്മാരകത്തിന്റെ മേൽനോട്ടത്തിനുള്ള സർക്കാർ സമതി രൂപീകരിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന സമിതി മൂന്ന് മാസംമുമ്പ് പിരിച്ചു വിട്ടശേഷം രാമപുരം ചന്ദ്രബാബുവിനെ ചെയർമാനായും തിലകരാജിനെ സെക്രട്ടറിയായും നിയമിച്ചു കൊണ്ട് സാംസ്കാരിക വകുപ്പ് ഉത്തരവിറക്കി. ഒരാഴ്ചക്കുള്ളിൽ സമിതി അംഗങ്ങളെ നിയമിക്കുമെന്നും പറഞ്ഞിരുന്നു. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവച്ചതോടെ സമിതി രൂപീകരണവും നിലച്ചു. കമ്മിറ്റി പൂർണമാകത്തതിനാൽ ഭാരവാഹികൾക്ക് പ്രവർത്തിക്കാനാവുന്നില്ല.

ചരമ വാർഷികത്തിന്റെ ശതാബ്ദി ആചരണത്തിന് പ്ളാൻ തയ്യാറാക്കിയെങ്കിലും സമിതി ഇല്ലാത്തതിനാൽ സർക്കാരിൽ സമർപ്പിക്കാൻ കഴിയുന്നില്ല. ഇത്തവണ മൂന്ന് ദിവസത്തെ ആചരണ പരിപാടികൾ സംഘടിപ്പിക്കാനാണ് പദ്ധതി. സ്മാരകത്തിന്റെ പെയിന്റിംഗ്, സമ്മേളനങ്ങൾ ഉൾപ്പെടെയുള്ള പരിപാടികൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കാൻ പദ്ധതി സമർപ്പിക്കണം, ദേശീയ, അന്തർദേശീയ, പ്രാദേശിക തലത്തിലുള്ള വിവിധ സെമിനാറുകൾ എന്നിവയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ കൃതികൾ നൂറ് വർഷം പിന്നിട്ടിട്ടും വേണ്ടത്ര ചർച്ചകളോ സെമിനാറുകളോ സംഘടിപ്പിക്കാൻ നിലവിലുള്ളതും മുൻ സമിതികൾക്കും കഴിഞ്ഞിട്ടില്ല.

# തുരുമ്പിച്ച പൈപ്പ് ഭീഷണി

3.12 കോടി ചെലവഴിച്ച് പുനർനിർമിച്ച സ്മാരകം രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും നാശത്തിലേക്കു നീങ്ങുകയാണ്. അറ്റകുറ്റപ്പണിയും പെയിന്റിംഗും കൃത്യമായി നടത്താൻ വേണ്ടത്ര ഫണ്ടില്ലെന്നതാണ് പ്രധാന പ്രശ്നം. രമേശ് ചെന്നിത്തല മുൻകൈ എടുത്ത് സാഹിതീയം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു ഫണ്ട് അനുവദിച്ചത്. കാവ്യ സന്ദർഭ ശില്പങ്ങളോടെയുള്ള സ്മാരകമന്ദിരത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച തൂലികയുടെ മാതൃക തുരുമ്പെടുത്ത് നിലംപൊത്തുന്ന അവസ്ഥയിലാണ്. എ.സി പ്രവർത്തിക്കുന്നില്ല. ഇരുമ്പ് പൈപ്പ് തുരുമ്പെടുത്തതിനാൽ കാറ്റിൽ നിലംപൊത്തുന്ന അവസ്ഥയായി. സ്മാരകം സന്ദർശിക്കാൻ എത്തുന്നവർക്കും മറ്റും ഇത് ഭീഷണിയാണ്. ചുമരിൽ ചില ഭാഗങ്ങൾക്ക് പൊട്ടലുണ്ട്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതും പ്രതിസന്ധിയാണ്.

# ശതാബ്ദി ആചരണം

മഹാകവിയുട‌െ ജലസമാധി ശതാബ്ദി ആചരണം ആശാന്റെ പേരിലുള്ള കായിക്കര, തോന്നയ്ക്കൽ, പല്ലന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ സമിതികൾ ചേർന്ന് നടത്താനാണ് സർക്കാർ നിർദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം തോന്നയ്ക്കലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിവിധ സ്ഥലങ്ങളിൽ ആശാൻ കൃതികളെക്കുറിച്ച് ദേശീയ, അന്തർദേശീയ തലത്തിലാണ് സെമിനാർ. പല്ലനയിൽ ഒരു തരത്തിലുള്ള ആചരണകമ്മിറ്റികളും ഇതുവരെ രൂപീരിച്ചിട്ടില്ല.

മൂന്ന് ദിവസത്തെ ചരമവാർഷിക ദിനാചരണം നടത്താനുള്ള പദ്ധതി അടുത്ത ദിവസം സാംസ്കാരിക വകുപ്പിന് കൈമാറി ഫണ്ട് ഉറപ്പാക്കും. സ്മാരകത്തിന്റെ മേൽക്കൂരയിൽ സ്ഥാപിച്ചിട്ടുള്ള തൂലികയുടെ പൈപ്പുകൾ തുരുമ്പെടുത്തതിനാൽ പൊതുമരാമത്ത് വകുപ്പ് കെട്ടിടനിർമ്മാണ വിഭാഗത്തോട് എസ്റ്റിമേറ്റ് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്


തിലകരാജ്, സെക്രട്ടറി, സർക്കാർസമിതി