# കേന്ദ്രം അനുവദിച്ചത് 255,35 കോടി
ആലപ്പുഴ: തീരദേശ ജില്ലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രസർക്കാർ രൂപം നൽകിയ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴയിലെ നാല് പദ്ധതികൾക്ക് 255.35 കോടി കേന്ദ്രം അനുവദിച്ചു. ആലപ്പുഴ തുറമുഖം മറീന കം കാർഗോ തുറമുഖമായി വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡ് തയ്യാറാക്കുന്ന 12 കോടിയുടെ പദ്ധതിക്ക് വൈകാതെ അംഗീകാരം ലഭിക്കും.
സമുദ്ര മ്യൂസിയം (250 കോടി), മനക്കോടം ലൈറ്റ് ഹൗസ് (ഒരു കോടി), ആലപ്പുഴ ലൈറ്റ് ഹൗസ് (4 കോടി), വലിയഴീക്കൽ ലൈറ്റ് ഹൗസ് (35 ലക്ഷം) ഉൾപ്പെടെയുള്ളവയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കി വരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. മത്സ്യബന്ധന തുറമുഖങ്ങൾ, ലൈറ്റ് ഹൗസുകൾ എന്നിവയുടെ നവീകരണം, നൈപുണ്യ വികസനം തുടങ്ങി സംസ്ഥാനത്തെ 63 പദ്ധതികൾക്കായി 6,131 കോടിയാണ് ചെലവഴിക്കുക.
# പദ്ധതി രണ്ടുഘട്ടം
ബീച്ചിലെ പദ്ധതികൾ രണ്ട് ഘട്ടമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ആലപ്പുഴ തുറമുഖം മറിന കം കാർഗോ തുറമുഖമായി വികസിപ്പിക്കും. ഇതിന് 12 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ചെലവ് തുല്യമായി വഹിക്കണം. സംസ്ഥാന വിഹിതം ലഭിച്ചില്ലെങ്കിൽ കേരള മാരിടൈം ബോർഡ് വഹിക്കും. നിർമ്മാണം പൂർത്തീകരിച്ചാൽ ആദ്യം സഞ്ചാരികളുമായുള്ള കപ്പൽ തീരത്ത് അടുപ്പിക്കാനാകും. ഭാവിയിൽ ചരക്കുകപ്പൽ എത്തിക്കാൻ കഴിയും വിധമാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തിൽ നിലവിലുള്ള പാർക്കുമായി ബന്ധപ്പെടുത്തിയാണ് സമുദ്ര മ്യൂസിയത്തിന്റെ നിർമ്മാണം. ആലപ്പുഴ ബീച്ചിനു സമീപത്തെ ലൈറ്റ് ഹൗസിൽ ലിഫ്റ്റ് സജ്ജമാക്കും. രണ്ടര നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച, പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിന് മുകളിൽ സന്ദർശകർക്കെത്താൻ ഇന്നും കോണിപ്പടികളാണ് ആശ്രയം.
ആലപ്പുഴയിലെ പൈതൃക സ്മാരകമായ ലൈറ്റ് ഹൗസിൽ കയറാൻ കോണിപ്പടികളാണുള്ളത്. ഇതിന് പരിഹാരമായി ലിഫ്റ്റ് സൗകര്യം അടുത്തവർഷം പകുതിയോടെ യാഥാർത്ഥ്യമാകും. മറിന കം കാർഗോ തുറമുഖം നിർമ്മാണം അടുത്ത ആഗസ്റ്റിൽ തുടങ്ങാനാകും
എ.എം.ആരിഫ് എം.പി
# ജില്ലയിലെ പദ്ധതികൾ
(ചെലവ് കോടിയിൽ)
സമുദ്ര മ്യൂസിയം..........................250
മനക്കോടം ലൈറ്റ് ഹൗസ്...........1
ആലപ്പുഴ ലൈറ്റ് ഹൗസ് ..............4
മറിനകംകാർഗോ തുറമുഖം.......12
വലിയഴീക്കൽ ലൈറ്റ് ഹൗസ്....... 35 ലക്ഷം