fish
മണപ്പുറം തുകലുകുത്തും കടവ്

പൂച്ചാക്കൽ: മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും സൂക്ഷിക്കാൻ തൈക്കാട്ടുശേരി പഞ്ചായത്തിൽ ഫിഷ് ലാൻഡിംഗ് സ്‌റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളായിട്ടും അവഗണന.
കായൽ ഭാഗത്തു നിന്നു മാറി ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഫിഷ് ലാൻഡിംഗ് സ്‌റ്റേഷനുവേണ്ടി നിരവധി പ്രക്ഷോഭങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. സർക്കാരുകളും ത്രിതല പഞ്ചായത്തും മാറി വന്നിട്ടും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യം ഒരുക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

പത്ത് വർഷം മുമ്പ് മണപ്പുറം തുകലുകുത്തും കടവിലും മാക്കേക്കടവ് ഫിഷർമെൻ കോളനിയിലും സ്ഥാനനിർണയം നടത്തിയെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. ഇതിനിടെ പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയായ കൈതപ്പുഴ കായലിനോട് ചേർന്ന് കിടക്കുന്ന തൈക്കാട്ടുശേരി ഫെറിയിൽ സ്‌റ്റേഷൻ വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം തൊഴിലാളികൾ രംഗത്തെത്തി. ഇത് ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇതിനിടെ ഫെറിയിൽ കായൽ ടൂറിസം പദ്ധതിക്കായി നിർമ്മാണം തുടങ്ങി. അതോടെ തുകലുകുത്തും കടവിൽ സ്‌റ്റേഷൻ നിർമ്മിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി. എന്നാൽ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കുക മാത്രമാണ് പഞ്ചായത്ത് അധികൃതർ ചെയ്‌തതെന്ന് നാട്ടുകാർ പറയുന്നു.

# വള്ളങ്ങൾ ഒഴുകുന്നു

കടവിൽ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങൾ ശക്തമായ വേലിയേറ്റത്തിൽ ഒഴുകിപ്പോകുന്നത് നിത്യസംഭവമാണ്. വള്ളവും വലയും യമഹ എൻജിനുകളും മോഷ്‌ടിക്കപ്പെടുന്നു. ഫിഷ് ലാൻഡിംഗ് സ്‌റ്റേഷൻ വന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാനാകും. തൊഴിലുപകരണങ്ങൾ സൂക്ഷിക്കുന്നതിനൊപ്പം വിശ്രമത്തിനും വിനോദത്തിനുമുള്ള ഉപാധികളും ഉണ്ടാവും. മത്സ്യങ്ങൾ സൂക്ഷിക്കാനും വിപണനത്തിനും സൗകര്യമൊരുങ്ങും. നിലവിൽ പാണാവള്ളി പഞ്ചായത്തിലെ അരയങ്കാവ് ജെട്ടിയിൽ മാത്രമാണ് ഫിഷ് ലാൻഡിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്.


ഫിഷ് ലാൻഡിംഗ് സ്‌റ്റേഷൻ വേണമെന്നത് ന്യായമാണ്. തൈക്കാട്ടുശേരി പഞ്ചായത്ത് ആവശ്യമായ നടപടികൾ കൈക്കൊള്ളും

ഡി.വിശ്വംഭരൻ, പ്രിസിഡന്റ്,

തൈക്കാട്ടുശേരി പഞ്ചായത്ത്

കായലോരത്ത് രണ്ടും മൂന്നും സെന്റ് സ്ഥലത്താണ് ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്നത്. അവിടെ വള്ളവും വലയും സൂക്ഷിക്കാൻ സൗകര്യമില്ല. മത്സ്യഫെഡും പഞ്ചായത്തും ഇക്കാര്യത്തിൽ ഇടപെടണം

എൻ.പി. പ്രമോദ്, ജില്ലാ സെക്രട്ടറി,

മത്സ്യത്തൊഴിലാളി കോൺഗ്രസ്


കായലോരത്ത് മഴയും വെയിലുമേറ്റ് യാനങ്ങൾ പെട്ടെന്ന് നശിക്കുകയാണ്. വീടുകളിൽ അനുബന്ധ ഉപകരണങ്ങൾ സൂക്ഷിക്കാനും ബുദ്ധിമുട്ടാണ്. സ്‌റ്റേഷൻ എത്രയും വേഗം യാഥാർത്ഥ്യമാക്കണം

ദേവരാജൻ, മത്സ്യത്തൊഴിലാളി,

മാക്കേകടവ്