photo
ശ്രീദേവി രാജൻ അവസാനമായി തന്റെ സുഹൃഹുക്കൾക്ക് അയച്ച ശുഭദിന സന്ദേശം

ആലപ്പുഴ: കളങ്കമില്ലാത്ത ചിരിയും സ്നേഹവുമാണ് ജില്ലാ പഞ്ചായത്ത് മുൻ അംഗം ശ്രീദേവി രാജനെ നാട്ടിലെ രാഷ്ട്രീയ എതിരാളികൾക്കു പോലും ഇഷ്ടമുള്ളയാളാക്കിയത്. ശ്രീദേവിയുടെ അകാല വേർപാടിന്റെ ആഘാതത്തിലാണ് നാട്.

തികഞ്ഞ ദേവീഭക്തയായ ശ്രീദേവി വലിയകുളങ്ങര, കാഞ്ഞൂർ ദേവീക്ഷേത്രങ്ങളിലെ നിത്യ സന്ദർശകയാണ്. പതിവ് തെറ്റിക്കാതെ ഇന്നലെയും ഇരുക്ഷേത്രങ്ങളിലുമെത്തി. കാഞ്ഞൂർ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് ദേശീയപാതയിലൂടെ സ്കൂട്ടറിൽ മടങ്ങുന്നതിനിടെ ആയിരുന്നു അപകടം. കോൺഗ്രസ് നേതാവായിരുന്ന മഹാദേവികാട് ഭക്തി വിലാസം വീട്ടിൽ പരേതനായ അച്യുതൻ പിള്ളയുടെയും സരസമ്മയുടെയും മൂന്ന് മക്കളിൽ മൂത്തമകളായ ശ്രീദേവി ചെറുപ്പത്തിൽത്തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജിൽ യൂണിയൻ വൈസ് ചെയർപേഴ്സണായിരുന്നു. വിവാഹ ശേഷം പൊതുരംഗത്തു നിന്ന് അകന്നു നിന്ന ശ്രീദേവി കാർത്തികപ്പള്ളി പഞ്ചായത്തിൽ സാക്ഷരതാ പ്രേരക് ആയതോടെ വീണ്ടും സജീവമായി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കാർത്തികപ്പള്ളി പഞ്ചായത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. ഹരിപ്പാട് ബ്ളോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റായി. എല്ലാ പഞ്ചായത്തുകളിലും മഹിളാ കോൺഗ്രസിന് കമ്മിറ്റിയുണ്ടാക്കി ശക്തമായ അടിത്തറ പാകി. തുടർന്ന് നടന്ന ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പള്ളിപ്പാട് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2015 വരെ എൻ.എസ്.എസ് കാർത്തികപ്പള്ളി താലൂക്ക് മഹിളാസമാജം പ്രസിഡന്റായിരുന്നു. താലൂക്കിലെ 90 കരയോഗങ്ങളിലും മഹിളാസമാജം യൂണിറ്റുകൾ രൂപീകരിച്ച് മാതൃസംഘടനക്ക് ശക്തമായ പിന്തുണ നൽകി.

'അഹങ്കരിക്കരുത് ഒന്നിന്റെ പേരിലും, അവഗണിക്കരുത് ഒരാളെയും, നിസാരമായി കാണരുd; ഒന്നിനെയും, കാരണം എല്ലാം പെട്ടെന്ന് അവസാനിക്കും. നേടാൻ വേണ്ടി നാം എടുത്തതിന്റെ ഒരംശം പോലും വേണ്ടിവരില്ല നേടിയതെല്ലാം നഷ്ടമാകാൻ'- ഇന്നലെ രാവിലെ ശ്രീദേവി സുഹൃത്തുക്കൾക്ക് വാട്ട്സാപ്പിൽ അയച്ച ശുഭദിന സന്ദേശം

.