vishrama-kendram

പൊതു ശൗചാലയം തുറന്നു

മാന്നാർ: തിരുവല്ല- കായംകുളം സംസ്ഥാനപാതയിലെ പ്രധാന ടൗണായ മാന്നാറിൽ എത്തുമ്പോൾ 'ശങ്ക' മാറ്റാൻ ഇടമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചവർക്ക് ആശ്വാസമായി മാന്നാർ സ്റ്റോർ ജംഗ്‌ഷനിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു സമീപമുള്ള പൊതു ശൗചാലയം തുറന്നു.

നിർമ്മാണം പൂർത്തിയായിട്ടും വർഷങ്ങളായി അടഞ്ഞ് കിടന്നിരുന്ന പൊതു ശൗചാലയം തുറക്കാത്തതിനെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ ഏറെ പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. ശൗചാലയം നിൽക്കുന്ന 17-ാം വാർഡിലെ കുടുംബശ്രീയെ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം പരിപാലന ചുമതല ഏൽപ്പിച്ച് രണ്ടുദിവസം തുറന്നെങ്കിലും പിന്നീട് അടയ്ക്കേണ്ടി വന്നു. ഇപ്പോൾ താത്കാലികമായി ഒരാളെ നിറുത്തി പഞ്ചായത്ത് നേരിട്ടാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. യൂറിനൽ മൂന്നു രൂപ, കക്കൂസ് അഞ്ച് രൂപ, കുളിമുറി പത്ത് രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. പിന്നീട് പൊതുലേലം ചെയ്ത് കരാർ അടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കും.

ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം പൊതുശൗചാലയം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനിൽ വരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ കർശനനിർദ്ദേശം വന്നതോടെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ശൗചാലയം നിർമ്മിച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ടുമുറി വീതവും സ്ത്രീകൾക്ക് വിശ്രമിക്കാനും പാലൂട്ടാനുമായി ഒരുമുറിയും ഉൾപ്പെടെ അഞ്ചു മുറികളാണ് നിർമ്മിച്ചത്.

# രണ്ട് ഉദ്ഘാടനം

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി അന്നത്തെ ഭരണസമിതി ഉദ്ഘാടനം നടത്താൻ തീരുമാനിച്ച ദിവസം പ്രതിപക്ഷം ഉദ്ഘാടനം നടത്തി. പിന്നാലെ ഭരണപക്ഷവും ഉദ്ഘാടനവും ചെയ്തെങ്കിലും ശൗചാലയം തുറന്നു കൊടുത്തില്ല. പുതിയ ഭരണസമിതി വന്നശേഷം പൊതുശൗചാലയം തുറന്നു കൊടുക്കാനായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. കമ്മ്യൂണിറ്റിഹാൾ, ട്രഷറി, വിശ്രമകേന്ദ്രം, ശൗചാലയം എന്നിവിടങ്ങളിലേക്കെല്ലാം വെള്ളത്തിനായി ഒരു മോട്ടോർ ആയിരുന്നതിനാൽ അത് കത്തിപ്പോയി. തുടർന്ന് ശൗചാലയത്തിനായി കുഴൽക്കിണർ സ്ഥാപിച്ചാണ് വെള്ളത്തിന്റെ ബുദ്ധിമുട്ട് പരിഹരിച്ചത്.