t
T

ആലപ്പുഴ: ഫുട്ബാൾ താരങ്ങൾ മുതൽ ഹിറ്റ് സിനിമകൾ വരെ നിറഞ്ഞാണ് ക്രിസ്മസ് നക്ഷത്രങ്ങൾ വിപണിയിൽ വരവറിയിച്ചിരിക്കുന്നത്. മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, മിന്നൽ മുരളി, കടുവ, ജയ ഹേ തുടങ്ങി പേരുകൾ നീളുകയാണ്.

ക്രിസ്മസ് രാവിനെ വരവേൽക്കാൻ നക്ഷത്രങ്ങൾക്കും പുൽക്കൂടിനും പുറമേ മറ്റ് അലങ്കാര വസ്തുക്കളും എത്തിയതോടെ വിപണി ഉഷാറായി. 50 രൂപയുടെ കുട്ടി നക്ഷത്രങ്ങൾ മുതൽ സുലഭമാണ്. മെസി, നെയ്മർ, റൊണാൾഡോ നക്ഷത്രങ്ങളാണ് ഫുട്ബാൾ പ്രേമികൾക്ക് പ്രി​യങ്കരം. നക്ഷത്രങ്ങളിൽ താരങ്ങളുടെ ചിത്രങ്ങൾ തെളിയും. 300 രൂപ മുതലാണ് ഇത്തരം നക്ഷത്രങ്ങളുടെ വില ആരംഭിക്കുന്നത്. ക്രിസ്മസ് വിപണിയിലെ സൂപ്പർതാരം പ്ലംകേക്ക് കടകളിൽ ഇടംപിടിച്ചു കഴിഞ്ഞു. കിലോയ്ക്ക് 450 മുതൽ 1200 രൂപ വരെയാണ് വിവിധ ബ്രാൻഡ് കേക്കുകളുടെ വില.

ഒരു വർഷം മുമ്പ് പഴങ്ങൾ പഞ്ചസാരയിൽ വരട്ടി സൂക്ഷിച്ച് പിറ്റേ വർഷം മിക്‌സ് ചെയ്ത് ഉണ്ടാക്കുന്ന മെച്വർ പ്ലം കേക്കിനാണ് ആവശ്യക്കാരേറെ. ഒപ്പം സാധാരണ പ്ലം കേക്ക്, റിച്ച് പ്ലം, ഡേറ്റ്‌സ് പ്ലം, ഗീ കേക്ക്, മാർബിൾ കേക്ക്, മോക്ക, ഐസിംഗ് കേക്ക്, ജാക്ഫ്രൂട്ട് കേക്ക്, മറ്റ് ക്രീം കേക്കുകൾ എന്നിവയെല്ലാം സീസൺ കൊഴുപ്പിക്കാൻ നിരന്നിട്ടുണ്ട്. ക്രിസ്മസ് ദിനം അടുക്കുമ്പോൾ പുറത്തിറക്കാൻ വീട്ടമ്മമാരുടെ ഹോം മെയ്ഡ് പ്ലം, ക്രീം കേക്കുകൾ അണിയറയിൽ തയ്യാറാകുന്നുണ്ട്. ഇവയ്ക്കൊപ്പം ക്രിസ്മസ് പപ്പയുടെ തൊപ്പിയും, അലങ്കാര ഊന്നൽ വടിയും എത്തിക്കഴിഞ്ഞു.

# വില

നക്ഷത്രം: 200 - 1200

പുൽക്കൂട് സെറ്റ്: 200 -1000

ക്രിസ്മസ് ട്രീ: 200 - 5000

എൽ.ഇ.ഡി ബൾബ്: 100 - 500

കേക്ക്: 450- 1200

ക്രിസ്മസ് സീസൺ ആയതോടെ കട തന്നെ ക്രിസ്മസ് തീമിലാക്കി. എൽ.ഇ.ഡി ബൾബുകൾ വ്യത്യസ്ത അലങ്കാരങ്ങളിലാണ് ഇത്തവണ എത്തിയിരിക്കുന്നത്. നക്ഷത്രങ്ങൾക്ക് ദിനം പ്രതി ആവശ്യക്കാർ കൂടുകയാണ്

നഹാസ്, വ്യാപാരി