
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ തകഴി ഭാഗത്തെ പൈപ്പിലുണ്ടായ ചോർച്ച പരിഹരിക്കാനും പുതിയ പൈപ്പ് പ്രധാന ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കും ഇന്നലെ തുടക്കമായി. ഇന്നത്തെ പകൽ പണി അവസാനിപ്പിക്കാവുന്ന തരത്തിൽ പ്രവൃത്തി മുന്നേറുന്നു എന്ന് പറയുമ്പോഴും തീരുമോ എന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് പൂർണ വിശ്വാസമില്ല.
നിലവിൽ പമ്പിംഗ് നിറുത്തിവച്ചാണ് പണികൾ മുന്നേറുന്നത്. നാളെയും പമ്പിംഗ് പുനരാരംഭിക്കാനായില്ലെങ്കിൽ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമാകും. ഏറ്റവും പ്രധാനപ്പെട്ട പ്രഷർ ടെസ്റ്റ് പൂർത്തിയാക്കിയാണ് പൈപ്പ് പ്രധാന ലൈനുമായി ബന്ധിപ്പിക്കുന്നത്. കേളമംഗലം മുതൽ തകഴി ലെവൽക്രോസ് വരെയുള്ള 1524 മീറ്റർ ഭാഗത്ത് പുതിയ പൈപ്പിടാനായിരുന്നു തീരുമാനം. എന്നാൽ കരാറുകാരൻ 1200 മീറ്റർ മാത്രമാണ് എത്തിച്ചത്. ശേഷിക്കുന്ന ഭാഗത്ത് നിലവാരമുള്ള പൈപ്പാണെന്നാണ് കരാറുകാരന്റെ വാദം. എല്ലാ പ്രവൃത്തികൾക്കും ശേഷം പമ്പിംഗ് പൂർണമായും പുനരാരംഭിക്കുമ്പോൾ ശേഷിക്കുന്ന 324 മീറ്റർ ഭാഗത്ത് പൈപ്പ് പൊട്ടിയാൽ പുതിയത് ഇടാനാണ് തീരുമാനം.
നഗരസഭയുടെ കരുതൽ
ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിൽ കൗൺസിലർമാർ വഴി ജലവിതരണത്തിനുള്ള സംവിധാനം നഗരസഭയും ജല അതോറിട്ടിയും ഒരുക്കിയിട്ടുണ്ട്. എല്ലാ ഓവർഹെഡ് വാട്ടർ ടാങ്കുകളും നിറച്ചു. 13 ട്യൂബ് വെല്ലുകളും പ്രവർത്തന സജ്ജമാണ്.
.........................................
കരുമാടി പ്ലാന്റിന്റെ ശേഷി: പ്രതിദിനം 63 ദശലക്ഷം ജലവിതരണം
...........................................
അറ്റകുറ്റപ്പണികളും പൈപ്പ് യോജിപ്പിക്കുന്ന ജോലികളും പരമാവധി ഇന്നുതന്നെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ നാളെ രാവിലെ മുതൽ പമ്പിംഗ് പുനരാരംഭിക്കാൻ സാധിക്കും
യുഡിസ്മാറ്റ് ഉദ്യോഗസ്ഥർ