അമ്പലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന വഴി പ്ലാസ്റ്റിക് ശേഖരിച്ച് തകഴി ഗ്രാമപഞ്ചായത്ത് മാതൃകയായി. സമ്പൂർണ്ണ പ്ലാസ്റ്റിക് പരിപാലന ഗ്രാമം പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ അദ്ധ്യക്ഷനായി. തകഴി ഗ്രാമപഞ്ചായത്തിലെ 5000 വീടുകളും 150 കച്ചവട സ്ഥാപനങ്ങളിൽ നിന്നുമാണ് 25 ഹരിത കർമ്മ സേന അംഗങ്ങൾ പ്ലാസ്റ്റിക് ശേഖരണം നടത്തിയത്. ഇങ്ങനെ ശേഖരിച്ച 5 ടൺ പ്ലാസ്റ്റിക് തരം തിരിച്ച് റീസൈക്കിളിംഗ് കേന്ദ്രങ്ങളിലേക്ക് കയറ്റി അയച്ചു. പ്രഖ്യാപന ചടങ്ങിൽ നേട്ടം കൈവരിച്ച ഹരിത കർമ്മ സേനയെ ആദരിച്ചു.മാലിന്യ പരിപാലന രംഗത്തെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിയാണ് ഹരിത സഹായ സ്ഥാപനമായി സങ്കേതിക പിന്തുണ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയശ്രീ വേണുഗോപാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബികാ ഷിബു,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ശശാങ്കൻ, ജയചന്ദ്രൻ കലാങ്കേരി, സിന്ധു ജയപ്പൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജിത്ത് സെക്രട്ടി എം.മുഹമ്മദ് ഇക്ബാൽഎന്നിവർ സംസാരിച്ചു.