
ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴ എ.ആർ ക്യാമ്പിലെ എ.എസ്.ഐ, കാഞ്ഞിരംചിറ സി.ബി കോട്ടേജിൽ ഫെർഡി ഫെർണാണ്ടസിന്റെ മകൻ ഫെബി ഗോൺസാൽവസ് (46) ആണ് മരിച്ചത്.
രാവിലെ എട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വരെ ക്യാമ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. പുലർച്ചെ 5.45ന് പതിവ് നടത്തത്തിനായാണ് നഗരത്തിലെ വീട്ടിൽ നിന്നിറങ്ങിയത്. അതുകൊണ്ടുതന്നെ വൈകിയിട്ടും ബന്ധുക്കൾക്ക് അസ്വാഭാവികത തോന്നിയില്ല. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറച്ചുകാലമായി ഇദ്ദേഹം മാനസിക സമ്മർദ്ദത്തിന് ചികിത്സയിലായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ട് മൂന്നോടെ എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചു. സംസ്കാരം ഇന്ന് രാവിലെ 9ന് ആലപ്പുഴ വെള്ളാപ്പള്ളി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡാലി. മക്കൾ: ആരൻ, ആൽറിൻ. മാതാവ്: ആഗ്നസ്