മാന്നാർ : ശരണമന്ത്രങ്ങൾ നിറയുന്ന മണ്ഡലകാലത്ത് അയ്യപ്പവിഗ്രഹ നിർമ്മാണത്തിൽ മനസർപ്പിച്ചിരിക്കുകയാണ് മാന്നാർ കുരട്ടിക്കാട് തെള്ളിക്കിഴക്കേതിൽ ടി.എ.നാരായണൻ ആചാരി. വെങ്കലനാടായ മാന്നാറിന്റെ പൈതൃകവും നാരായണൻ ആചാരിയുടെ കലാവൈഭവവും ഒത്തൊരുമിക്കുമ്പോൾ ദൈവിക ചൈതന്യത്തിന്റെ പൂർത്തീകരണമാണ് സാദ്ധ്യമാകുന്നത്.
അരനൂറ്റാണ്ടായി വിഗ്രഹ നിർമ്മാണരംഗത്തുണ്ട് ഈ 71കാരൻ. മനസിൽ നിറഞ്ഞുനിൽക്കുന്ന ധർമ്മശാസ്താവിന്റെ വിഗ്രഹം പഞ്ചലോഹത്തിലാണ് ഇപ്പോൾ നിർമ്മിക്കുന്നത്. മുംബയ് ഉല്ലാസ് നഗർ, ചെന്നൈ, കോടമ്പാക്കം, നൊങ്കംപാക്കം എന്നിവിടങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹങ്ങളുടെ നിർമ്മാണം നടത്തിയതും നാരായണൻ ആചാരിയായിരുന്നു.
പതിനെട്ടാം വയസിലാണ് നാരായണൻ ആചാരി വിഗ്രഹനിർമ്മാണത്തിന് തുടക്കം കുറിച്ചത്. ചെങ്ങന്നൂർ തട്ടാവിളയിൽ നീലകണ്ഠപ്പണിക്കരുടെ അടുത്ത് നിന്നും ബാലപാഠങ്ങൾ സ്വായത്തമാക്കിയശേഷം കേന്ദ്ര സർക്കാരിന്റെ സ്റ്റൈപ്പന്റോടെ നാല് വർഷത്തെ പഠനം. തുടർന്ന് ബംഗളൂരുവിൽ കർണാടക സർക്കാരിന്റെ വെങ്കല നിർമ്മാണകേന്ദ്രത്തിൽ 15വർഷം ജോലിചെയ്‌തെങ്കിലും തുച്ഛമായകൂലി ഒന്നിനും തികയാതെ വന്നതോടെ അതുപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പിന്നീട് വീടിനോട് ചേർന്ന് ആലയുണ്ടാക്കി സ്വന്തമായി വിഗ്രഹനിർമ്മാണത്തിന് തുടക്കം കുറിച്ചു. നടരാജവിഗ്രഹങ്ങളാണ് കൂടുതലായി നിർമ്മിച്ചത്. ഗണപതി, ശ്രീകൃഷ്ണൻ, ഹനുമാൻ, ശ്രീനാരായണ ഗുരുദേവൻ തുടങ്ങി അനേകം വിഗ്രഹങ്ങൾ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് നിർമ്മിച്ച് നൽകിയിട്ടുണ്ട്.
പരമ്പരാഗത തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളൊന്നും സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും തന്റെ കുലത്തൊഴിലായ വിഗ്രഹനിർമ്മാണ മേഖല നിലനിന്ന് കാണണമെന്ന ആഗ്രഹത്തിലാണ് നാരായണൻ ആചാരി. ശില്പ നിർമ്മാണത്തിനായി ഒരു പരിശീലന കേന്ദ്രം മാന്നാറിൽ ആരംഭിച്ചാൽ പുതുതലമുറയെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് നാരായണൻ ആചാരി പറയുന്നത്. മുരുകമ്മാളാണ് നാരായണൻ ആചാരിയുടെ ഭാര്യ. നിഷ, ആശ എന്നിവർ മക്കളും സന്തോഷ്, അരുൺ എന്നിവർ മരുമക്കളുമാണ്.