photo
സമയക്ളിപ്തത ഇല്ലാത്ത ബോട്ടിൽ വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്നു

പരിഹാരം ഇനിയും അകലെ

ആലപ്പുഴ : ജലഗതാഗത വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് നെഹ്രുട്രോഫി വാർഡിലെ വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് സ്കൂളിൽ എത്തിച്ചേരാൻ കഴിയുന്നില്ലെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല. സോമൻ ജെട്ടിമുതൽ അഴിക്കൽ ജെട്ടിവരെയുള്ള വിദ്യാർത്ഥികളാണ് യാത്രാക്ളേശം അനുഭവിക്കുന്നത്.

ആദ്യ സർവീസ് രാവിലെ 6.30നാണ് ഇതുവഴി കടന്നുപോകുന്നത്. അടുത്ത സർവീസ് 9നും. ഇതിനിടയിൽ സർവീസുകളില്ലാത്തതാണ് കുട്ടികളെ വലയ്ക്കുന്നത്. സ്കൂൾ സമയത്ത് ഇതുവഴി കൂടുതൽ ബോട്ട് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയെ തുടർന്ന് രാവിലെ 7.15ന് ആലപ്പുഴ-നെടുമുടി കൊട്ടാരം, 8.20ന് ആലപ്പുഴ-കൈനകരി , വൈകിട്ട് 3ന് ആലപ്പുഴ-ചങ്ങനാശ്ശേരി, 3.45ന് ആലപ്പുഴ-കൈനകരി, 5ന് ആലപ്പുഴ-കൃഷ്ണപുരം സർവീസുകൾ ആരംഭിക്കാൻ കഴിഞ്ഞ സെപ്തംബർ 14ന് ജലഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ ഈ സർവീസുകൾ ആരംഭിച്ചിട്ടില്ല.

വിവരാവകാശ രേഖയിൽ മാത്രം സർവീസിന്റെ സമയം രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസുകൾ ആരംഭിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം രക്ഷകർത്താക്കൾ കളക്ടർക്ക് പരാതി നൽകി. നിലവിലുള്ളതിന് പുറമേ രാവിലെ 7.30നും 8.30നും ഇടയിലും വൈകിട്ട് 3.45നും 4.15നും ഇടയിലും സർവീസുകൾ ആരംഭിച്ചാലേ വിദ്യാർത്ഥികൾക്ക് കൃത്യമായി സ്കൂളുകളിൽ എത്താനും വൈകിട്ട് വീട്ടിലേക്ക് മടങ്ങിയെത്താനും സാധിക്കുകയുള്ളൂ എന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

കൂടാതെ, രാത്രികാലത്ത് കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ പ്രദേശത്തെ തൊഴിലാളികൾക്ക് ആശ്വാസമാകുമെന്നും പ്രദേശവാസികൾ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.

"വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ആശ്വാസം പകരുന്ന തരത്തിൽ സർവീസുകൾ പുനഃക്രമീകരിക്കാൻ ജലഗതാഗത വകുപ്പ് തയ്യാറാകണം. സ്ഥിരം സംവിധാനത്തിന് നെഹ്രുട്രോഫി വാർഡിനെ പുന്നമടയുമായി ബന്ധിപ്പിക്കുന്ന നടപ്പാലം നിർമ്മിക്കണം.

- അജയഘോഷ്, കലാലയം