കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ തറയിൽ തെക്കതിൽ വീട്ടിൽ അഖിൽ അസ്കറിനെ (മൈലോ-30) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചു.
കൊലപാതക ശ്രമം, ആയുധം കൈവശം വയ്ക്കൽ, മയക്കുമരുന്ന് വില്പന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അഖിൽ അസ്കറിനെ 2021ൽ ജില്ലയിൽ നിന്നു കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നു. ഇതു ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് അഖിൽ അസ്കറിനെതിരെ കാപ്പാ നിയമപ്രകാരം വീണ്ടും കേസെടുത്തു. കാലാവധി അവസാനിച്ചതോടെ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാപ്പിൽ മേക്ക് ഭാഗത്തു വീട് കയറി യുവാവിനെ മർദ്ദിച്ച കേസിൽ പ്രതിയായതിനാലാണ് അഖിൽ അസ്കറിനെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് കളക്ടർ വി.ആർ. കൃഷ്ണ തേജ ഇയാളെ ആറ് മാസത്തേക്ക് കരുതൽ തടങ്കലിലാക്കാൻ ഉത്തരവിട്ടത്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഉദയകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, രാജേന്ദ്രൻ, ഷാജഹാൻ, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.