itbp-
കാടുകയറിയ സർക്കാർ ഭൂമി

ചാരുംമൂട് : നൂറനാട്ടിൽ ഫയർ സ്റ്റേഷൻ ആരംഭിക്കുമെന്ന സർക്കാർ തീരുമാനം വന്നതോടെ ഇതിനായി എവിടെ സ്ഥലം കണ്ടെത്തുമെന്ന ചർച്ചകൾ സജീവമായി. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ ശ്മശാനം സ്ഥിതി ചെയ്യുന്നതിനു വെളിയിലായി ഏക്കറു കണക്കിനു സർക്കാർ ഭൂമി വെറുതെ കിടപ്പുണ്ട്. ഫയർ സ്റ്റേഷന് ആവശ്യമായ സ്ഥലം ഇവിടെ കണ്ടെത്താൻ കഴിയുമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.

കെ.പി റോഡിൽ നിന്ന് 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഇവിടെയെത്താം. ഇവിടെ നിന്ന് അര കിലോമീറ്റർ ദൂരത്തിനുള്ളിലാണ് തേനി -കൊല്ലം ദേശീയപാതയും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽപ്പെട്ട ആറു പഞ്ചായത്ത് പ്രദേശങ്ങളിലും ഇവിടെ നിന്നും വേഗത്തിൽ അഗ്നിരക്ഷാ സേനക്ക് എത്താൻ സാധിക്കും. ഇപ്പോൾ ചാരുംമൂട്ടിലും പരിസര പ്രദേശങ്ങളിലും തീപിടിത്തമോ മറ്റു അപകടങ്ങളോ സംഭവിച്ചാൽ മാവേലിക്കര, കായംകുളം, അടൂർ എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിരക്ഷാ സേന എത്താറ്. ഈ കാലതാമസം അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിൽ വിലങ്ങുതടിയാകാറുണ്ട്. നൂറനാട്ട് ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതോടെ ഇതിന് പരിഹാരമാകും. നൂറനാട്ടു തന്നെ അഗ്നി രക്ഷാ നിലയം സ്ഥാപിക്കുമെന്ന് സർക്കാരിനു വേണ്ടി ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറൽ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം

നൂറനാടിനു സ്വന്തമായി അഗ്നിരക്ഷാനിലയം വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് നൂറനാട്ട് ഫയർ സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. എന്നാൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയാതെ പോയി.

നടക്കാത്ത ശ്മശാനം പദ്ധതി

നൂറനാട് ലെപ്രസി സാനട്ടോറിയം സ്ഥിതി ചെയ്യുന്ന താമരക്കുളം ഗ്രാമപഞ്ചായത്തിലെ കൊട്ടയ്ക്കാട്ടുശ്ശേരിയിലാണ് ഫയർ സ്റ്റേഷനായി നിർദ്ദേശിക്കപ്പെടുന്ന സർക്കാർ ഭൂമിയുള്ളത്. ഏതാനും വർഷം മുമ്പ് ഇവിടെ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപ മുടക്കി പൊതുശ്മശാനം സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ക്യാപ്ഷൻ

നൂറനാട് ലെപ്രസി സാനിട്ടോറിയത്തിനും ഐടിബിപി കേന്ദ്രത്തിനും വെളിയിലായി സർക്കാർ വക സ്ഥലം കാടുക്കേറി കിടക്കുന്നു.