t

ചേർത്തല: സാമ്പത്തിക തട്ടിപ്പ് കണ്ടുപിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ പ്രയോഗിച്ച സമ്മർദ്ദ തന്ത്രം ഫലിക്കാതെ വന്നതോടെയാണ് യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ.മഹേശൻ ആത്മഹത്യ ചെയ്തതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് യോഗത്തെയും യോഗ നേതൃത്വത്തെയും തകർക്കണമെന്ന ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് കണിച്ചുകുളങ്ങര യൂണിയൻ നടത്തിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് മഹേശൻ തയ്യാറാക്കി പ്രചരിപ്പിച്ച 32 പേജുള്ള കത്തിൽ ആരുടേയും പ്രേരണ പരാമർശിച്ചിട്ടില്ല. കണിച്ചുകുളങ്ങര യൂണിയനിലും ക്ഷേത്രത്തിലും ചേർത്തല യൂണിയനിലും ശ്രീകണ്ഠേശ്വരം സ്കൂളിലും നടന്ന സാമ്പത്തിക തട്ടിപ്പുകൾ കണ്ടുപിടിച്ചതോടെ നിൽക്കക്കള്ളിയില്ലാതെ ജീവനൊടുക്കുകയായിരുന്നു. 10 സെന്റിലെ വെറും കുടികിടപ്പുകാരനായ മഹേശൻ കോടീശ്വരനായത് എങ്ങനെയെന്ന് അന്വേഷിക്കണം. നൂറുകണക്കിന് പേർക്കാണ് ഇയാൾ പണം പലിശയ്ക്ക് കൊടുത്തത്. മൈക്രോഫിനാൻസ് പദ്ധതിയിൽ എട്ടര ശതമാനം പലിശയ്ക്ക് ബാങ്കിൽ നിന്ന് വാങ്ങി പാവപ്പെട്ട സ്ത്രീകൾക്ക് 18 ശതമാനം പലിശയ്ക്കാണ് വിതരണം ചെയ്തിരുന്നത്. 48 മാസത്തെ കാലവധിയിലെടുത്ത വായ്പ 28 മാസം കൊണ്ട് തിരിച്ചടപ്പിച്ച് ഇതിൽ നിന്ന് ലഭിക്കുന്ന അധികം തുക വകമാറ്റി ചെലവാക്കി കൈക്കലാക്കുകയായിരുന്നു. സ്വന്തം ആളെന്ന് ചമഞ്ഞ് മഹേശ പൂജ ചെയ്യാതെ കേരളത്തിലെ ഒരു യൂണിയൻ ഭാരവാഹിയെയും ജനറൽ സെക്രട്ടറിയെ കാണാൻ അനുവദിച്ചിരുന്നില്ല.

മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരാതിക്കാരി നിർദ്ദേശിച്ച ഉദ്യോഗസ്ഥ അന്വേഷിച്ച് തെളിവില്ലെന്ന് കാട്ടി വിശദമായ റിപ്പോർട്ട് നൽകിയതാണ്. ആ കേസ് വീണ്ടും ഉയർത്തിക്കൊണ്ടുവന്നതിൽ ഗൂഢലക്ഷ്യമുണ്ട്. യോഗം തിരഞ്ഞെടുപ്പിൽ എന്നെയും തുഷാറിനെയും മത്സരിപ്പിക്കാതിരിക്കാനുള്ള ഗൂഢതന്ത്രമാണ് പുതിയ പരാതിക്ക് പിന്നിൽ. കേസിൽ പ്രതിയായാൽ മത്സരിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് യോഗത്തിന്റെ ഭരണഘടന പരിഷ്കരിക്കാൻ യോഗം വിരുദ്ധർ നൽകിയ സ്കീം സൂട്ടിന്റെ തുടർച്ചയാണ് പുതിയ പരാതി. ഇത് സമുദായാംഗങ്ങൾ അവജ്ഞയോടെ തള്ളും'- വെള്ളാപ്പള്ളി പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി.മന്മഥൻ ആമുഖ പ്രഭാഷണം നടത്തി. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ, കണിച്ചുകുളങ്ങര യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു സ്വാഗതവും സ്വാഗതസംഘം ചെയർമാൻ മുരുകൻ പെരക്കൻ നന്ദിയും പറഞ്ഞു.

ക്യാപ്ഷൻ: എസ്.എൻ.ഡി​.പി​ യോഗം നേതൃത്വത്തെ തകർക്കാൻ കള്ളക്കേസുകളി​ലൂടെ ഗൂഢനീക്കം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണിച്ചുകുളങ്ങര യൂണിയൻ ഗ്രൗണ്ടിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു. സെക്രട്ടറി ഇൻചാർജ് പി.എസ്.എൻ. ബാബു, വൈസ് പ്രസിഡന്റ് പി.കെ. ധനേശൻ, പ്രസിഡന്റ് വി.എം. പുരുഷോത്തമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ. പുരുഷോത്തമൻ, യോഗം കൗൺസിലർ പി.ടി. മന്മഥൻ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനി​യപ്പൻ, മുരുകൻ പെരക്കൻ, കെ.എൽ. അശോകൻ തുടങ്ങി​യവർ സമീപം