ചേർത്തല: യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തത് ആയിരങ്ങൾ.

ഇന്നലെ വൈകിട്ട് നാലോടെ പൊക്ലാശേരി ഗുരുദേവ ക്ഷേത്രത്തിൽ നിന്നാരംഭിച്ച പ്രകടനം അഞ്ചോടെ കണിച്ചുകുളങ്ങര സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. സമുദായ ദ്രോഹികളെ തിരിച്ചറിയണമെന്നും നേതൃത്വത്തെ തളർത്തി സംഘടനയെ തകർക്കാനുള്ള ഗൂഢശ്രമങ്ങൾ ചെറുക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കും പിന്തുണ അർപ്പിച്ചുള്ള മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ മുഴങ്ങിയത്. സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. യൂണിയനിലെ 46 ശാഖകളിൽ നിന്നുള്ള സമുദായാംഗങ്ങൾ വാഹനങ്ങളിൽ വൈകിട്ട് 3 മണിയോടെ പ്രകടനം ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ എത്തിച്ചേർന്നു. സമ്മേളനം ആരംഭിച്ച് ജനറൽ സെക്രട്ടറി സംസാരിക്കുന്നതിനിടെ മഴ പെയ്തെങ്കിലും ഗ്രൗണ്ടിൽ എത്തിയവർ ആരും പിരിഞ്ഞുപോയില്ല. മനസിലുള്ളതെല്ലാം തുറന്നുപറഞ്ഞ ജനറൽ സെക്രട്ടറിയെ പൂർണമായി ശ്രവിച്ച ശേഷമാണ് പ്രവർത്തകർ മടങ്ങിയത്.

യോഗത്തിൽ യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.

പ്രകടനത്തിന് യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂണിയൻ കൗൺസിലർമാരായ സിബി നടേശ്, കെ.സോമൻ, ഗംഗാധരൻ മാമ്പൊഴി, എം.എസ്.നടരാജൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, സെക്രട്ടറി ഷിബു പുതുക്കാട്, വനിതാസംഘം കേന്ദ്രസമിതി അംഗം തങ്കമണി ഗൗതമൻ, യൂണിയൻ സെക്രട്ടറി പ്രസന്ന ചിദംബരൻ, ആര്യൻ ചള്ളിയിൽ, സുമേഷ് ചെറുവാരണം തുടങ്ങിയവർ നേതൃത്വം നൽകി.