ആലപ്പുഴ: അപ്പുവിന്റെ സ്വപ്‌നങ്ങൾക്ക് മിസ്റ്റർ ആലപ്പി വേദിയിൽ വെങ്കലത്തിളക്കം. ഇരുകാലുകളും ഒരു കൈയുമില്ലാത്ത അപ്പുവിന്റെ നിശ്‌ചയദാർഢ്യവും കഠിനാദ്ധ്വാനവുമാണ് വേദിയിലെ താരമാക്കിയത്.
നാലാം സ്ഥാനത്തോടെ വെങ്കല മെഡലാണ് അപ്പു നേടിയത്. അപ്പുവിനെ ഒക്കത്തിരുത്തി ഒറ്റത്തടി തെങ്ങുപാലത്തിലൂടെ വിഷമിച്ചു നീങ്ങുന്ന പിതാവ് പുഷ്‌കരനും വെപ്പുകാലും കൈയിലേന്തി മാതാവ് ശ്യാമള പിന്നാലെയും പാേകുന്ന കാഴ്ച ഒരു പതിറ്റാണ്ടുമുമ്പ് 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു. 'ആ കണ്ണീർ ചിത്രത്തിലെ അപ്പു മിസ്‌റ്റർ ആലപ്പി മത്സരത്തിന് ' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം വാർത്ത നൽകി. ഇന്നലെ മുഹമ്മയിൽ നടന്ന മത്സരത്തിലാണ് ജീവിത ദുരിതത്തോട് പടവെട്ടി മുന്നേറുന്ന അപ്പു ആദ്യ വിജയം നുണഞ്ഞത്.
അമ്പലപ്പുഴ ഗവ.കോളേജിൽ നിന്ന് ബിരുദമെടുത്തതിനു പിന്നാലെയായിരുന്നു ജിംനേഷ്യത്തിൽ പോകാനുള്ള തീരുമാനം. നിന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒരു ജിംനേഷ്യത്തിൽ നിന്ന് ഇറക്കിവിട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. അപ്പുവിന്റെ ദൃഢനിശ്ചയം തിരിച്ചറിഞ്ഞ അമ്പലപ്പുഴ സ്വാമി ജിമ്മിലെ വിഷ്ണു ദൗത്യം ഏറ്റെടുത്ത് അപ്പുവിന്റെ ആഗ്രഹം സഫലമാക്കുകയായിരുന്നു.
അമ്പലപ്പുഴ കരൂർ സ്വദേശിയായ അപ്പുവിന് ജന്മനാ വലതുകൈയും ചുണ്ടുമില്ലായിരുന്നു. ഒപ്പം ശബ്ദ വൈകല്യവും. രണ്ടു വയസ് പിന്നിട്ടപ്പോൾ മുട്ടിനു താഴെ പഴുപ്പ് ബാധിച്ച് കാലുകൾ മുറിച്ചുമാറ്റി. പിന്നീട് ചുണ്ട് വച്ചുപിടിപ്പിച്ചു. മറ്റൊരു ശസ്ത്രക്രിയയിലൂടെ ശബ്ദത്തിനും മാറ്റമുണ്ടായി. ജീവിതം കിടക്കയിൽ അവസാനിക്കുമെന്ന് കരുതിയ കാലത്തിൽ നിന്നാണ് അപ്പുവിന്റെ ഉയർത്തെഴുന്നേൽപ്പ്.