cal
സ്റ്റേഡിയം വാർഡിന്റെ വാർഷിക കലണ്ടർ

ആലപ്പുഴ : തീയതിയും രാഹുകാലവും മാത്രമല്ല, സ്വന്തം വാ‌ർഡിന്റെ സകല വിവരങ്ങളും ഇനി സ്റ്റേഡിയം വാർഡിലെ വീടുകളുടെ ചുവരിൽ തൂങ്ങും. കൗൺസിലർ ബി. അജേഷാണ് വാർഡിന് സ്വന്തമായി പുതുവർഷ കലണ്ടർ തയാറാക്കിയത് . വാ‌‌ർ‌ഡിലെ ഡോക്ടർമാർ, അഭിഭാഷകർ, പ്ലമ്പർമാർ, ഇലക്ട്രീഷ്യൻമാർ, മേസ്തിരിമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, മെക്കാനിക്കുകൾ, പോസ്റ്റ് മാൻ, റേഷൻ കടകൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് വാർഷിക കലണ്ടർ തയ്യാറാക്കിയത്.

വീട്ടിലൊരു ആവശ്യം വന്നാൽ ഫോൺ നമ്പർ തേടി പുറത്ത് അലയരുതെന്ന ലക്ഷ്യമാണ് ഇതോടെ യാഥാർത്ഥ്യമായത്. ആലപ്പുഴ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ ഒ.പി സമയവും കലണ്ടറിലുണ്ട്. വാർഡിലെ വോളണ്ടിയർ സംഘമായ സ്നേഹപൂർവ്വം കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തിയത്. വിവരങ്ങൾക്ക് പുറമേ, വാർഡിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ ഫോട്ടോയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാർഡിലെ 850 വീടുകളിലും, സ്ഥാപനങ്ങളിലും അടുത്ത ദിവസം തന്നെ കലണ്ടറുകൾ എത്തിത്തുത്തുടങ്ങും. അച്ചടി പൂർത്തിയാകുന്നതോടെ അടുത്ത ദിവസം എച്ച്.സലാം എം.എൽ.എ കലണ്ടറിന്റെ പ്രകാശനം നിർവഹിക്കും. സ്പോൺസർമാരെ കണ്ടെത്തി അച്ചടിക്കുന്ന കലണ്ടർ സൗജന്യമായാണ് നാട്ടുകാർക്ക് വിതരണം ചെയ്യുക.

ഏത് സമയത്താണ് വീടുകളിൽ ഇലക്ട്രീഷ്യന്റെയും പ്ലമ്പറുടെയും മറ്റും സഹായം വേണ്ടി വരികയെന്ന് മുൻകൂട്ടി അറിയാനാവില്ല. ഇത്തരം സന്ദർഭങ്ങളിൽ വിദഗ്ദ്ധ തൊഴിലാളികളെ തേടി അലയേണ്ടതില്ല. നമ്മുടെ വാ‌ർഡിൽ തന്നെ സേവനം നൽകുന്നവരുടെ ഫോൺ നമ്പരുകൾ കലണ്ടറിൽ ലഭ്യമാണ്

- ബി.അജേഷ്, വാർഡ് കൗൺസിലർ