 
ആലപ്പുഴ : അപ്രതീക്ഷിതമായി പെയത് മഴയിൽ കുട്ടനാട്, അപ്പർകുട്ടനാട്, കരിനില പാടശേഖരങ്ങളിലെ രണ്ടാംകൃഷിയുടെ വിളവെടുപ്പ് വീണ്ടും പ്രതിസന്ധിയിലായി. നാല് ദിവസമായി കൊയ്ത്ത് നിലച്ചിരിക്കുകയാണ്. പുറം തോടുകളിൽ ജലനിരപ്പ് ഉയരുന്നതും മഴയിൽ പെയ്തിറങ്ങിയ വെള്ളം പാടശേഖരങ്ങളിൽ നിന്ന് ഒഴുകിപ്പോകാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുന്നതുമാണ് വിളവെടുപ്പിന് തടസമായത്.
മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയുന്നില്ല. 9,447 ഹെക്ടർ സ്ഥലത്താണ് രണ്ടാം കൃഷിയിറക്കിയത്. ഇതിൽ ഇനി രണ്ടായിരത്തോളം ഹെക്ടർ സ്ഥലത്ത് വിളവെടുപ്പ് പൂർത്തീകരിക്കാനുണ്ട്. കൊയ്ത്ത് പ്രായം കഴിഞ്ഞതും നൂറുമേനി വിളവുമുള്ള നെൽച്ചെടികൾ നിലംപൊത്തി തുടങ്ങിയത് കർഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് നെൽച്ചെടികൾ നിലംപൊത്തിയത്.
കിഴിവ് കൂടും
കൃഷിനാശത്തോടൊപ്പം, സംഭരിക്കുന്ന നെല്ലിന് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നതും കർഷകരുടെ നഷ്ടക്കണക്ക് കൂട്ടുന്നു. മഴയിൽ നനഞ്ഞ നെല്ല് സംഭരിക്കുന്നതിനാലാണ് കിഴിവിന്റെ പേരിൽ മില്ലുകാർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. നെല്ലിലെ ഈർപ്പം,കറവൽ എന്നിവയുടെ പേരിലാണ് മില്ലുകാരുടെ ചൂഷണം . ഒരു ക്വിന്റൽ നെല്ല് സംഭരിക്കുമ്പോൾ 15 മുതൽ 20 കിലോ വരെ കിഴിവ് നൽകണമെന്നാണ് ഇവരുടെ ആവശ്യം.
രണ്ടാംകൃഷി (ഹെക്ടറിൽ)
വിളവിറക്കിയത്....................................9,447
വിളവെടുപ്പ് പൂർത്തീകരിച്ചത്............ 7,447
വിളവെടുക്കാനുള്ളത്............................2,000