sudhakaran

ആലപ്പുഴ : ഒരു മുറി നിറയെ മൂവായിരത്തിലേറെ മെമന്റോകൾ,​ തൊട്ടടുത്തതിൽ കാരിക്കേച്ചറുകൾ,​ മൂന്നാമത്തെ മുറി ലൈബ്രറി. വീടിനോട് ചേർന്ന് ഗാലറി ഒരുക്കി അതിഥികളെ കാത്തിരിക്കുകയാണ് പ്രിയ സി.പി.എം നേതാവ് ജി. സുധാകരൻ.

മന്ത്രിയും സാമാജികനുമായിരുന്നപ്പോൾ കിട്ടിയതാണ് ഇത്രയും മെമന്റോകൾ. കാർട്ടൂണിസ്റ്റുകളും ചിത്രകാരന്മാരും സുധാകരന്റെ വിവിധ ഭാവങ്ങൾ കാരിക്കേച്ചറാക്കിയത് ഇരുപതോളമുണ്ട്. വാങ്ങിക്കൂട്ടിയതും സംഭാവനയുമുൾപ്പെടെ 12,​000 പുസ്തകങ്ങളുണ്ടായിരുന്നതിൽ 2500 എണ്ണമുണ്ട് ലൈബ്രറിയിൽ.

ദേശീയപാത വികസനത്തിനായി കളർകോട് തൂക്കുകുളത്തുള്ള വീട് ഒഴിഞ്ഞപ്പോഴാണ്, 2017ൽ പുന്നപ്ര പറവൂരിൽ ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും വാങ്ങിയത്. ഈ വീടിന്റെ മുറ്റത്ത് രണ്ട് മുറിയുള്ള പഴയ കെട്ടിടവുമുണ്ടായിരുന്നു. ഒരു മുറി കൂട്ടിച്ചേർത്ത് ഗാലറി ഒരുക്കാമെന്ന ആശയം സുധാകരന്റെ ഭാര്യയും റിട്ട. കോളേജ് അദ്ധ്യാപികയുമായ ഡോ. ജൂബിലി നവപ്രഭയുടേത്.

ആദ്യം താമസിച്ചിരുന്ന വീട്ടിൽ 12,​000 പുസ്തകങ്ങൾ ഒരു വലിയ മുറിയിലാണ് വച്ചിരുന്നത്. അലമാരയിൽ കൊള്ളാത്ത മെമന്റോകൾ ചാക്കുകളിൽ കെട്ടിവച്ചിരിക്കയായിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നടക്കം ലഭിച്ച മെമന്റോകൾക്ക് ഇരുപത് ലക്ഷം രൂപ മൂല്യമുണ്ടാകുമെന്നാണ് ജി.സുധാകരന്റെ കണക്കുകൂട്ടൽ.

ഓർമ്മകൾ താലോലിച്ച്...

ഓരോ മെമന്റോയിലെയും ചടങ്ങിന്റെ പേര് വായിക്കുമ്പോൾ ഓർമ്മകളെ പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ടെന്ന് ജി. സുധാകരൻ പറഞ്ഞു. പുസ്തക സമ്പാദ്യത്തിൽ 8000 എണ്ണം സഹോദരൻ ജി.ഭുവനേശ്വരന്റെ സ്മാരകമായി മാവേലിക്കര കരിമുളയ്ക്കലിൽ നിർമ്മിച്ച ലൈബ്രറിക്ക് കൈമാറി. 1100 എണ്ണം പറവൂർ പബ്ലിക് ലൈബ്രറിക്കും. മാസം പത്തോളം പുസ്തകം സമ്മാനമായി ലഭിക്കാറുണ്ട്.