y

ആലപ്പുഴ : പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ കടൽപ്പാലം നിർമ്മിക്കുന്നതിനുള്ള ടെൻഡർ അടുത്ത ദിവസം പൊട്ടിക്കും. സർക്കാരിന്റെ അനുമതിയോടെ കരാർ ഉറപ്പിച്ചാൽ അഞ്ച് ആഴ്ചയ്ക്കുള്ളിൽ നിർമ്മാണപ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ടെണ്ടറിൽ ഒരു കരാറുകാരൻ മാത്രമേ പങ്കെടുത്തിട്ടുള്ളൂ.

രണ്ട് തവണ റീടെണ്ടർ വിളിച്ചെങ്കിലും കൂടുതൽ പേർ എത്താത്തതിനാൽ നിലവിൽ പങ്കെടുത്തയാളുടെ രേഖകൾ ഹാജരാക്കിയാൽ അടുത്ത ദിവസം കരാർ ഉറപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പഴയ കടൽപ്പാലം നിലനിർത്തിയുള്ള നിർമ്മാണത്തിന് കിഫ്ബിയിൽ നിന്ന് ആദ്യം14.26 കോടി രൂപ അനുവദിച്ചിരുന്നു. സാധനസാമഗ്രികളുടെ വില വർദ്ധിച്ചതിനാൽ പിന്നീട് എസ്റ്റിമേറ്റ് 22കോടിരൂപയായി വർദ്ധിപ്പിച്ചു.

എത്തുമോ കപ്പൽ

ഉപ്പുകാറ്റേറ്റ് പാലം തുരുമ്പെടുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, ഒരു വർഷത്തിനുള്ളിൽ പാലം നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. മറ്റ് തുറമുഖങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസ്റ്റ് സർവീസിന് യാത്രക്കപ്പൽ മാർച്ചിൽ ആലപ്പുഴയിൽ എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. നിലവിലെ കടൽപ്പാലത്തിന്റെ സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. ടൂറിസത്തിന് പുതിയ പ്രാധാന്യം കൈവന്നതോടെ ആലപ്പുഴ നിവാസികൾ വലിയ പ്രതീക്ഷയോടെയാണ് പാലം നിർമാണത്തെ കാണുന്നത്.

പുതിയ കടൽപ്പാലത്തിന്റെ നിർമ്മാണ ചെലവ് : 22കോടി

പുതിയതായി വരുന്ന സംവിധാനങ്ങൾ

 വിശ്രമകേന്ദ്രങ്ങൾ

 പാർക്ക്

 കാന

 സൈക്കിൾ ട്രാക്ക്

 നടപ്പാത

 ഭക്ഷണശാലകൾ

പുതിയ കടൽപ്പാലം

നീളം ............................... 420മീറ്റർ

വീതി ............................... 4.5മീറ്റർ

' വേഗതയിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കും. കരാറുകാരൻ രേഖകൾ സമർപ്പിച്ചാൽ ഉടൻ ടെൻഡർ പൊട്ടിക്കും.

- വിജയകുമാർ, ജനറൽ മാനേജർ, കൺസൾട്ടൻസി ഇൻകൽ