
ഹൈക്കോടതികളിലെ ജഡ്‌ജി നിയമനങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും പലവഴിക്ക് നീങ്ങുകയാണ്. സർക്കാരും ജുഡീഷ്യറിയും ഇക്കാര്യത്തിൽ സമയക്രമം പാലിക്കുന്നില്ലെന്നതാണ് സത്യം. ഹൈക്കോടതി ജഡ്‌ജിമാരുടെ തസ്‌തികകൾ ഒഴിഞ്ഞു കിടക്കുന്നത് ഇന്നൊരു സ്ഥിരം പ്രശ്‌നമായി മാറി. ഇത് പരിഹരിക്കാൻ സർക്കാരും ജുഡീഷ്യറിയും കൂടിയാലോചനകൾ നടത്തുകയാണ് വേണ്ടത്. ജഡ്‌ജി നിയമനവും അതിനുള്ള കൊളീജിയം സംവിധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സുപ്രീംകോടതിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറനീക്കി പുറത്തുവന്നു കഴിഞ്ഞു. ജഡ്‌ജി നിയമനങ്ങളിലുള്ള കൊളീജിയം ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കുന്നില്ലെന്ന ഹർജി സുപ്രീകാേടതിയുടെ പരിഗണനയിലുമാണ്. ഇതിൽ സർക്കാരിന്റെ നിലപാട് തേടിയ കോടതി കേസ് ജനുവരി ആറിനാണ് ഇനി പരിഗണിക്കുക.
സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള സംവിധാനമാണ് കൊളീജിയം. സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുതിർന്ന നാല് ജഡ്‌ജിമാരുമാണ് കൊളീജിയത്തിലെ അംഗങ്ങൾ. ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസും മുതിർന്ന രണ്ട് ജഡ്‌ജിമാരും ഉൾപ്പെടുന്ന മൂന്നംഗ കൊളീജിയമാണുള്ളത്. കൊളീജിയം തീരുമാനം ഏകകണ്ഠമായിരിക്കണമെന്നാണ് വ്യവസ്ഥ. അതിൽ ഭൂരിപക്ഷമെന്നുള്ള ഒരു തീരുമാനമില്ല. ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുന്നതോടെ രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ് രീതി. കൊളീജിയത്തിൽ നടക്കുന്ന ചർച്ചകൾ പുറത്തറിയാനും മാർഗമില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുൻ ജഡ്‌ജി മദൻ.ബി ലോക്കൂറിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. 2018 ഡിസംബർ 12 ന് കൂടിയ കൊളീജിയം യോഗത്തിൽ രണ്ട് ഹൈക്കോടതി ജഡ്‌ജിമാരെ സുപ്രീംകോടതി ജഡ്‌ജിമാരാക്കാനുള്ള തീരുമാനം താൻ വിരമിച്ച ശേഷം അട്ടിമറിച്ചെന്നായിരുന്നു മദന്റെ ആരാേപണം. ഇതുമായി ബന്ധപ്പെട്ട ഹർജിയിൽ കൊളീജിയം ചർച്ച പരസ്യമാക്കേണ്ടതില്ലെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ജഡ്‌ജി നിയമന പരിഷ്‌കരണ നടപടികളിൽ കേന്ദ്ര സർക്കാരിനും ജുഡീഷ്യറിക്കും അഭിപ്രായ ഐക്യത്തിലെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഏഴു വർഷമായി ഇക്കാര്യത്തിലുള്ള അഭിപ്രായവ്യത്യാസം തുടരുകയാണ്. ജഡ്‌ജി നിയമനങ്ങളിൽ സുതാര്യത വേണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അതിനുള്ള പരിഷ്‌കരണ നടപടികളിലെ അന്തിമ തീരുമാനത്തിനായി അനന്തമായി കാത്തിരിക്കുന്നത് ഇന്ത്യയെന്ന വലിയ ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല.
കൊളീജിയം നൽകുന്ന നിയമന ശുപാർശകൾ പലതും കേന്ദ്രസർക്കാർ തുടർച്ചയായി തിരിച്ചയയ്ക്കുന്നതും ശുപാർശകളിൽ സർക്കാർ തീരുമാനം അനന്തമായി നീളുന്നതുമാണ് കൊളീജിയത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതോടെ ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്, കേന്ദ്ര സർക്കാർ റിപ്പോർട്ടുകൾ എന്നിവ കണക്കിലെടുത്തും സീനിയോറിറ്റിയും ജോലി മികവുമടക്കം പരിശോധിച്ചാണ് നിയമന ശുപാർശകൾ നൽകുന്നതെന്നും അതിൽ പുനഃപരിശോധനയ്‌ക്ക് നിൽക്കാതെ വേഗത്തിൽ പട്ടിക അംഗീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നുമാണ് കൊളീജിയത്തിന്റെ നിലപാട്.
അതേസമയം കൊളീജിയം സംവിധാനം സുതാര്യമല്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. നിയമനങ്ങളിൽ സർക്കാരിന് കാര്യമായ പ്രാതിനിധ്യം വേണമെന്ന ആവശ്യവും ഉന്നയിക്കുന്നു. കേന്ദ്രം ഒരു തവണ തിരിച്ചയച്ച ശുപാർശ കൊളീജിയം ആവർത്തിച്ചാൽ അത് കേന്ദ്രസർക്കാർ അംഗീകരിക്കുന്നതാണ് കീഴ്‌വഴക്കം. വിവിധ ഹൈക്കോടതികളിലേക്കായി കൊളീജിയം നൽകിയ 20 നിയമന ശുപാർശകൾ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തിരിച്ചയച്ചു. മടക്കിയ 20 പേരുകളിൽ ഒമ്പതെണ്ണം കൊളീജിയം ആവർത്തിച്ച ശുപാർശകളാണ്.
ഹൈക്കോടതികളിൽ 20 ശതമാനം ഒഴിവുകൾ നികത്താനുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒന്നരവർഷത്തിന് മുൻപ് നൽകിയ ശുപാർശകൾ പോലും കെട്ടിക്കിടക്കുന്നെന്ന് പറഞ്ഞാൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന അപചയം കൂടിയാണ് പുറത്തുവരുന്നത്. 2022 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 4.70 കോടി കേസുകളാണ് കെട്ടിക്കിടക്കുന്നത്. സുപ്രീംകോടതിയിൽ മാത്രം 70000 ത്തിൽ അധികം കേസുകളുണ്ട്. ഇതിൽ 40 ശതമാനം കേസുകൾ അഞ്ചു വർഷത്തിൽ അധികമായി കെട്ടിക്കിടക്കുന്നതാണ്. രാജ്യത്തെ 25 ഹൈക്കോടതികളിലായി 59 ലക്ഷം കേസുകൾ തീർപ്പാക്കാനുണ്ട്. ഹൈക്കോടതികളിൽ ആകെയുള്ള 1104 ജഡ്ജി തസ്തികകളിൽ നാനൂറോളം പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സമയത്താണ് കൊളീജിയത്തിന്റെ പേരിൽ കേന്ദ്ര സർക്കാരും ജുഡീഷ്യറിയും ഏറ്റുമുട്ടുന്നതെന്ന് ഓർക്കണം. നിയമനങ്ങൾ അനന്തമായി നീളുന്നത് കോടതികളുടെ പ്രവർത്തനത്തെയാണ് ബാധിക്കുന്നത്. ഭരണസംവിധാനത്തിന്റെ ഭാഗമായല്ല നമ്മുടെ രാജ്യത്ത് ജുഡീഷ്യറി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയിലാണ്. അതിനാൽ നിലവിലുള്ള അനിശ്ചിതാവസ്ഥ വേഗത്തിൽ പരിഹരിക്കപ്പെടണം.
കൊളീജിയം നൽകുന്ന പേരുകളിൽ ചിലത് സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്നും ചിലത് പെട്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നുവെന്ന സുപ്രീകോടതി നിരീക്ഷണം പരസ്യമായ പ്രതിഷേധം കൂടിയാണ്. സർക്കാർ ഇതിന് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോൾ സുപ്രീംകോടതി പറയാറുണ്ടെങ്കിലും കേന്ദ്ര സർക്കാർ വ്യക്തമായ ഒരു മറുപടി ഇതുവരെ നൽകിയിട്ടില്ല. നിയമന ശുപാർശകൾ സർക്കാർ തരംതിരിക്കുന്നതിലെ ആശങ്ക നേരത്തെതന്നെ കോടതി പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിൽ സുപ്രീംകോടതി ചില കാര്യങ്ങൾ കൂടി പറഞ്ഞുവയ്ക്കുന്നത് ശ്രദ്ധേയമാണ്. ജഡ്‌ജിനിയമനത്തിന് കൊളീജിയം പേരു നൽകുന്നതാണ് നിലവിലുള്ള നിയമം. അത് പാലിക്കപ്പെടണം. നിയമം കൊണ്ടുവരാനുള്ള അധികാരം പാർലമെന്റിനുമാണ്. എന്നാൽ, അവ കോടതികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാണെന്ന് കോടതി പറഞ്ഞുവയ്ക്കുന്നതിൽ നിരവധി കാര്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. ഒരുപക്ഷേ , അതിനാലായിരിക്കാം കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് തുറന്ന ഒരു നിലപാടുണ്ടാകാത്തത്.
ജഡ്‌ജി നിയമനത്തിൽ സർക്കാരിന്റെ പ്രാതിനിധ്യവും ഇടപെടലും ഉറപ്പാക്കാനായി കൊണ്ടുവന്ന സംവിധാനമാണ് ദേശീയ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മിഷൻ (എൻ.ജെ.എ.സി). കൊളീജിയം സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാനായി 1998 ൽ വാജ്‌പേയ് സർക്കാർ ജസ്റ്റിസ് എം.എൻ. വെങ്കടാചലയ്യ കമ്മിഷനെ നിയമിച്ചു. ഈ കമ്മിഷന്റെ ശുപാർശയായിരുന്നു എൻ.ജെ.എ.സി രൂപീകരണം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ മുതിർന്ന രണ്ടു ജഡ്‌ജിമാർ, കേന്ദ്ര നിയമമന്ത്രി, പൊതുസമൂഹത്തിൽ നിന്നുള്ള പ്രമുഖ വ്യക്തി എന്നിവരാണ് എൻ.ജെ.എ.സി അംഗങ്ങൾ. നിയമവും ഭരണഘടനാ ഭേദഗതിയും ഒന്നാം മോദി സർക്കാർ പാർലമെന്റിൽ വേഗത്തിൽ പാസാക്കിയെങ്കിലും രണ്ടും ഭരണഘടനാ വിരുദ്ധമാണെന്ന് 2015 ൽ അഞ്ചംഗ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധിയെഴുതി. ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചെലമേശ്വർ കൊളീജിയം സംവിധാനത്തെ വിമർശിച്ച് ഭിന്നവിധിയെഴുതിയത് അന്ന് വളരെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള പോര് എത്രയും വേഗം അവസാനിപ്പിക്കണം. ജഡ്‌ജിമാരുടെ കുറവ് മൂലം കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതും നീതിനിഷേധമാണെന്ന കാര്യം ഇക്കൂട്ടർ തിരിച്ചറിയുകയാണ് വേണ്ടത്.