photo

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടാൻ യുവതലമുറ ശ്രീനാരായണ ദർശനങ്ങൾ ആഴത്തിൽ പഠിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് ഷീബ വേണുഗോപാലൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ അനാചാരങ്ങൾക്കെതിരെ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കുഞ്ഞുങ്ങളെ ഗുദർശനം പഠിപ്പിക്കുന്നതിന് അമ്മമാർ മുന്നിട്ട് ഇറങ്ങണം. അമ്മയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്ത മക്കളെ ദൈവത്തിന് എങ്ങനെ സംരക്ഷിക്കാനാകും എന്ന് ഗാന്ധാരിയോട് ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞ വാക്കുകൾക്ക് ഈ കാലഘട്ടത്തിൽ പ്രസക്തിയേറുന്നു. അമ്മമാർ തങ്ങളുടെ ചൂണ്ടുവിരൽ തുമ്പിൽ മക്കളെ നിയന്ത്രിച്ച് വളർത്തിയാൽ നാടിനും വീടിനും മുതൽക്കൂട്ടാകുന്ന ഉത്തമ പൗരൻന്മാരെ വാർത്തെടുക്കാനാകും. അനീതി, മദ്യം, മയക്കുമരുന്ന്, പ്രണയക്കൊല എന്നീ വിപത്തുകൾക്ക് എതിരെ യുവതലമുറ ഉണർന്ന് പ്രവർത്തിക്കണമെന്നും ഷീബ വേണുഗോപാലൻ പറഞ്ഞു. ബോട്ടുജെട്ടിക്കു സമീപമുള്ള ആലുക്കാസ് ഗ്രൗണ്ടിൽ നടന്ന ജനജാഗ്രതാ സദസിൽ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. സേതുരവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് ജാഗ്രത പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടി കെ.എൻ.പ്രേമാനന്ദൻ, വനിതാ സംഘം ജോയിന്റ് സെക്രട്ടറി ശോഭന അശോക് കുമാർ എന്നിവർ സംസാരിച്ചു. വനി​താസംഘം താലൂക്ക് സെക്രട്ടറി ജെമിനി സ്വാഗതവും വൈസ് പ്രസിഡന്റ് ഗീത രാംദാസ് നന്ദിയും പറഞ്ഞു.