 
ഹരിപ്പാട് : ചിങ്ങോലിയുടെ പടിഞ്ഞാറൻ മേഖലക്കു പിന്നാലെ വടക്കൻ മേഖലയിലും തൊട്ടു ചേർന്നുളള കാർത്തികപ്പളളി പ്രദേശത്തും കൂടിവെളള ക്ഷാമം രൂക്ഷമായി. കാർത്തികപ്പളളി ഗവ. യു.പി. സ്‌കൂളിനു സമീപത്തെ കുഴൽക്കിണർ തകരാറിലായതാണ് കാരണം. ഇവിടെ കുഴൽക്കിണറിൽ നിന്ന് വെളളത്തിനൊപ്പം മണ്ണും കയറി വരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ പുതിയ കുഴൽക്കിണർ സ്ഥാപിക്കേണ്ടതായി വരും.
ചിങ്ങോലി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം എൻ.ടി.പി.സി. യുടെ സഹായത്തോടെ രണ്ടു വർഷം മുമ്പ് സ്ഥാപിച്ച കുഴൽക്കിണറിൽ നിന്ന് എത്രയും വേഗം പമ്പിംഗ് ആരംഭിക്കണമെന്ന അവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാലാണ് ഇതിന്റെ തുടർ ജോലികൾ മുടങ്ങിയത്. ഇത് പ്രവർത്തന സജ്ജമായാൽ പടിഞ്ഞാറൻ മേഖലയിലെ കുടിവെളളക്ഷാമത്തിനും ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും. ഇപ്പോൾ തന്നെ പലയിടങ്ങളിലും പ്രാഥമിക ആവശ്യങ്ങൾക്കോ ഭക്ഷണം പാചകം ചെയ്യാനോ വെളളമില്ലാത്ത അവസ്ഥയാണ്. ഉപ്പുവെളളത്താൽ ചുറ്റപ്പെട്ട പടിഞ്ഞാറൻ മേഖലയിലെ താമസക്കാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. കുടിവെളളക്ഷാമത്തിനു അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ചിങ്ങോലി ഗ്രാമ പഞ്ചായത്തംഗം കെ.എൻ. നിബു ജല അതോറിട്ടി അധികാരികൾക്ക് നിവേദനം നൽകി.