s

മാവേലിക്കര​ : വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന പത്തനംതിട്ട പെരുമ്പെട്ടി തെനയംപ്ലാക്കൽ വീട്ടിൽ സജികുമാറിനെ (മണവാളൻ സജി​, 47) മാവേലിക്കര സ്വദേശിനിയുടെ പരാതിയിൽ പൊലീസ് പിടികൂടിയത് മറ്റൊരു യുവതിയുമായി ചാറ്റിംഗ് നടത്തുന്നതിനിടയിൽ. കോട്ടയം എറണാകുളം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പല സ്ത്രീകളിൽ നിന്നും ഇയാൾ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ചുള്ള മാട്രിമോണിയൽ സ്ഥാപനത്തിൽ നൽകിയ പരസ്യം വഴിയാണ് മാവേലിക്കര സ്വദേശിനി സജിയെ പരിചയപ്പെട്ടത്. തനിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്ന് യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ആഡംബര കാർ അപകടത്തിൽപ്പെട്ടെന്നും തകരാർ പരിഹരിക്കാൻ രണ്ടരലക്ഷം രൂപ വേണമെന്നും സജി യുവതിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി പണം അയച്ചു നൽകി. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതിരുന്നതോടെയാണ് വെള്ളിയാഴ്ച മാവേലിക്കര സ്‌റ്റേഷനിൽ പരാതി നൽകിയത്. മൊബൈൽ നമ്പർ പിന്തുടർന്ന പൊലീസ് കോട്ടയം ജില്ലയിൽ ചിങ്ങവനം പൊലീസ് സ്റ്റേഷൻ പരിധിയിൽ നാട്ടകത്തുള്ള ഒരു വാടക വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരു യുവതിയുമായി ചാറ്റിംഗ് തുടരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കോതമംഗലം രാമനല്ലൂർ കാഞ്ഞിക്കൽ വീട് എന്ന മേൽവിലാസം രേഖപ്പെടുത്തിയ ഒരു തിരിച്ചറിയൽ രേഖ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. സജിയെ നേരിട്ട് കണ്ടിട്ടില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇയാൾ യുവതിക്ക് അയച്ച ഫോട്ടോയിൽ രേഖപ്പെടുത്തിയിരുന്ന ഹോട്ടലിന്റെ പേരാണ് പൊലീസിന് സഹായകമായത്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

ആദ്യം പരസ്യം, പിന്നെ ചരിചയം
ഓൺലൈൻ വിവാഹപംക്തിയിൽ പരസ്യം നൽകുന്ന യുവതികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയാണ് സജിയുടെ തട്ടിപ്പിന്റെ ആദ്യപടി. നന്നായി സംസാരിക്കാൻ കഴിവുള്ള ഇയാളുടെ വലയിൽ നിരവധി യുവതികൾ വീണെന്ന് പൊലീസ് പറഞ്ഞു. ഇതിൽ പലരുടെയും വീടുകളിൽ പോയി താമസിച്ചിട്ടുമുണ്ട്. വിശ്വസനീയമായ നിലയിൽ പല കാരണങ്ങൾ പറഞ്ഞ് യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു മുങ്ങുന്നതാണ് ഇയാളുടെ രീതി.