patashekaram
വിത കഴിഞ്ഞ് ആറാം ദിവസം വെള്ളക്കെട്ടിലായ ചെന്നിത്തല 14-ാം ബ്ലോക്ക് പാടശേഖരം

മാന്നാർ: നെൽവിത്ത് വിതച്ച പാടങ്ങൾ വെള്ളക്കെട്ടിലായതോടെ കർഷകർ നിരാശയിലായി. അപ്പർകുട്ടനാടൻ മേഖലയിൽ ചെന്നിത്തല കൃഷിഭവന്റെ കീഴിലുള്ള 110 ഏക്കർ വിസ്തീർണമുള്ള ചെന്നിത്തല 14-ാം ബ്ലോക്ക് പാടശേഖരത്തിൽ വിതച്ച് ആറ് ദിവസമായ നേന്ത്രവേലി പാടമാണ് വെള്ളക്കെട്ടിൽ. ഉമ നെൽവിത്താണ് വിതച്ചത്. അച്ഛൻ കോവിലാറിന്റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന പാടശേഖരത്തിൽ വിതച്ച നെൽവിത്തുകൾ വെള്ളക്കെട്ടിൽ പഴുത്തു പോകാനിടയുണ്ട്. പുറം ബണ്ടിന്റെ ബലക്കുറവ് മൂലം തൂമ്പുകൾ തള്ളിപ്പോവുന്നതും അപ്രതീക്ഷിത കാലാവസ്ഥയുമാണ് വെള്ളക്കെട്ടിന് കാരണം. കാലപ്പഴക്കമേറിയ രണ്ട് മോട്ടറുകളാണ് മോട്ടോർ പുരകളിൽ സ്ഥാപിച്ചിരിക്കുന്നത്. അതിലൊന്ന് പ്രവർത്തന രഹിതമായിട്ട് രണ്ടു വർഷമായി. ഇത് കർഷകരെ പ്രതിസന്ധിയിലാക്കി. പാടത്ത് കൃഷിയിറക്കുമായി ബന്ധപ്പെട്ട് നിലം ഒരുക്കുന്നതിനുള്ള ജോലികൾക്കായി ഇതിനോടകം ഓരോ കർഷകനും 25000 ൽ കൂടുതൽ തുക ചിലവഴിച്ചു കഴിഞ്ഞു. അടിയന്തരമായി വാച്ചാലിന്റെ ഇരു വശങ്ങളും കൽകെട്ട് നിർമ്മിച്ച് ബലപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.

.....

'' കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പാടത്തെ നെൽകൃഷി ഒന്നടങ്കം നശിച്ച് പോയിട്ട് ഒരുരൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കുന്നതാണ് ഉചിതം.

ബിജു, ഉത്തമൻ -കർഷകർ