
മാവേലിക്കര : ബി.ജെ.പി ഒ.ബി.സി മോർച്ച നേതാവ് രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രത്തിൻമേലുള്ള പ്രതിഭാഗത്തിന്റെ വാദം മാവേലിക്കര കോടതിയിൽ പൂർത്തിയായി. വെള്ളിയാഴ്ച വീണ്ടും കേസ് പരിഗണിക്കും. ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ അന്ന് പ്രതികളുടെ പേരിലുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കും. പ്രതികൾ നൽകിയ ഹർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നുണ്ട്.
9 മുതൽ 15 വരെ പ്രതികൾ ആയുധം ഉപയോഗിച്ചതായി പ്രഥമദൃഷ്ടാ തെളിവ് ഇല്ലാത്തതിനാൽ കൊലപാതകക്കുറ്റം ഇവർക്കെതിരെ നിലനില്ക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഒരു സംഘത്തിലെ ഒരാൾ ചെയ്യുന്ന കുറ്റകരമായ പ്രവൃത്തി എല്ലാ പ്രതികൾക്കും ബാധകമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കൊലപാതകം നടന്നതിന്റെ തലേദിവസം രാത്രി മുതൽ പ്രതികൾ വ്യത്യസ്ത സ്ഥലങ്ങളിലായി നാല് തവണ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ അത് ശരിവയ്ക്കുന്നതായും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കൽ പറഞ്ഞു.
പ്രതികൾക്കു വേണ്ടി അഭിഭാഷകർ ഹാജരാകാത്തതിനാൽ കോടതി നിയോഗിച്ച അഭിഭാഷകനാണ് ഹാജരായത്. കേസിന്റെ നടപടിയുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.