ചേർത്തല:കളവങ്കോടം സഹകരണബാങ്കിന്റെ നേതൃത്വത്തിൽ വനിതാ സംരഭകത്വ പദ്ധതി 'വിംഗ്സ് ഓഫ് വിമെൻ' 14ന് ആരംഭിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയാണ് ബാങ്ക് സജീവാംഗങ്ങളായ വനിതകളുടെ സ്വയംസഹായ സംഘം രൂപീകരിച്ച് വൈവിദ്ധ്യമാർന്ന സേവനമേഖലയിലെ സാന്നിദ്ധ്യത്തിലൂടെയാകും പദ്ധതി നടപ്പിലാക്കുന്നത്.വാസഗൃഹങ്ങളും സ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയാക്കുന്ന വിംഗ്സ് ഗൃഹപരിപാലനം, സത്കാരങ്ങൾക്ക് ഭക്ഷണം തയ്യാറാക്കലും വിളമ്പലും ഏറ്റെടുക്കുന്ന കാറ്ററിംഗ് സർവീസ്, ആശുപത്രികളിലും വീടുകളിലും വയോജനങ്ങൾ, രോഗികൾ എന്നിവർക്കുള്ള വിംഗ്സ് കൂട്ടിരിപ്പ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം എൻ.എസ്.ശിവപ്രസാദ് വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കലും കാഷ് അവാർഡ് വിതരണവും നടത്തും. ബാങ്ക് പ്രസിഡന്റ് പ്രസാദ് കണ്ണികാട് അദ്ധ്യക്ഷനാകും.