ആലപ്പുഴ : നഗരവികസന പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പ്രഖ്യാപനത്തിലൊതുങ്ങിയതോടെ, ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ എങ്ങുമെത്തുന്നില്ല. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരണം, ജില്ലാ കോടതിപ്പാലം പുനർനിർമ്മാണം, പുന്നമടയിൽ നടപ്പാലം എന്നീ പദ്ധതികളാണ് മുന്നോട്ട് നീങ്ങാത്തത്.

നിർമ്മാണം ആരംഭിച്ച ശവക്കോട്ട, കൊമ്മാടി പാലങ്ങളുടെയും അതുമായി ബന്ധപ്പെട്ട റോഡുകളുടെയും നഗരത്തിലെ വൈറ്റ് ടോപ്പ് റോഡുകളുടെയും നിർമ്മാണം പാതിവഴിയിലാണ്. വൈറ്റ് ടോപ്പ് റോഡുകളുടെ ഇരുവശത്തത്തും ടൈൽ പാകുന്ന ജോലികളാണ് പൂർത്തീകരിക്കാത്തത്. മുൻ മന്ത്രിമാരായ ജി.സുധാകരനും ഡോ. ടി.എം.തോമസ് ഐസക്കും ചേർന്ന് തയ്യാറാക്കിയ നഗരവികസന പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി ആവശ്യമായ ഫണ്ട് അനുവദിച്ചിരുന്നു. നഗരത്തിൽ ചിറപ്പ് ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം ഇഴയുന്നത് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കും.

പുന്നമടയിൽ പാലം

ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ സഹായിക്കുന്ന പുന്നമടയിലെ പാലം നിർമ്മാണത്തിനുള്ള തയ്യാറെടുപ്പ് എങ്ങും എത്തിയില്ല. പാലം എത്തുന്നതോടെ വർഷങ്ങളായി നെഹ്രുട്രോഫി വാർഡിലെ നൂറുകണക്കിന് കുടുംബങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനും വിരാമമാകും. പാലത്തിന്റെ നിർമ്മാണത്തിന് 48കോടി രൂപയും സ്ഥലം ഏറ്റെടുക്കലിന് നാല് കോടിരൂപയും കിഫ്ബിയിൽ നിന്ന് അനുവദിച്ചിരുന്നു. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുന്നതിലെ കാലതാമസമാണ് പാലം നിർമ്മാണം വൈകാൻ കാരണം.

ജില്ലാ കോടതി പാലം

നഗരത്തിലെ തിരക്കേറിയതും കാലപ്പഴക്കം ചെന്നതുമായ ജില്ലാ കോടതി പാലം പുനർ നിർമ്മിക്കാനുള്ള പദ്ധതിക്ക് നിർമ്മാണചുമതലയുള്ള കെ.ആർ.എഫ്.ബിയുടെ (കേരള റോഡ് ഫണ്ട് ബോർഡ്) 122.83 കോടി രൂപയുടെ എസ്റ്റിമേറ്റ് കിഫ്ബി അംഗീകരിച്ചു. നവീകരണത്തിന് വേണ്ടി 280 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനായി 20.06കോടി രൂപയും നീക്കിവച്ചു. നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടു കൂടിയാണ് നിർമ്മാണം. ഇതിനായി പാലത്തിന്റെ ഇരുവശങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കിഫ്ബിയുടെ എൽ.എ വിഭാഗം ഇരുകരകളിൽ നിന്ന് സ്ഥലമേറ്റെടുത്ത് കെ.ആർ.എഫ്.ബിക്ക് കൈമാറിയാൽ ഉടൻ ടെണ്ടർ ചെയ്യും. നഗരവികസനത്തിന്റെ ഭാഗമായി ഇപ്പോൾ തയ്യാറാക്കുന്ന പദ്ധതിയിൽ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരത്തുക വിതരണം ആരംഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചില്ല.

അപ്രോച്ച് റോഡ്

അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നതാണ് ശവക്കോട്ട, കൊമ്മാടി പാലങ്ങൾ ഗതാഗത്തിന് തുറന്നു കൊടുക്കാൻ കഴിയാത്തതിന് കാരണം.