കറ്റാനം: വള്ളികുന്നം, ഭരണിക്കാവ് മേഖലയിൽ അമിത വേഗതയിൽ പായുന്ന സ്വകാര്യ ബസുകൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. തിരക്കേറിയ കെ.പി റോഡിലടക്കം ജംഗ്ഷനുകളിലൂടെ ബസുകൾ ചീറിപ്പായുന്നത് പതിവ് കാഴ്ചയാണ്. സ്റ്റോപ്പുകളിലേക്ക് ബസുകൾ നിറുത്താനെത്തുന്നതും അമിതവേഗത്തിലാണെന്ന് യാത്രക്കാർ പറയുന്നു. ഓടിമാറിയാണ് അമിതവേഗതയിലെത്തുന്ന ബസുകൾക്ക് മുന്നിൽ നിന്ന് യാത്രക്കാർ പലപ്പോഴും രക്ഷപ്പെടുന്നത്. ഇരുചക്ര വാഹനയാത്രക്കാരും ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്.
സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള തർക്കവും ഏറ്റുമുട്ടലും ഇവിടെ പതിവാണ്. കഴിഞ്ഞ ദിവസം വളളികുന്നം പുത്തൂരേത്ത് ജംഗ്ഷനിൽ തർക്കത്തെ തുടർന്ന് ഒരു ബസിന്റെ ചില്ല് മറ്റൊരു ബസിലെ ജീവനക്കാർ അടിച്ചു പൊട്ടിച്ചിരുന്നു. ഇതേത്തുടർന്ന് ഒരു മണിക്കൂറിലേറെയാണ് യാത്രക്കാർ പെരുവഴിയിലായത്. പൊലീസെത്തിയതോടെയാണ് തർക്കത്തിന് അവസാനമായത്. സമയത്തിന്റെ പേരിൽ മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ പിന്നീട് ബസുകാർ ഏറ്റുമുട്ടുന്നതും പതിവാണ്.
വിദ്യാർത്ഥികളും ഭയപ്പാടിൽ
സ്‌കൂൾ വിടുന്ന സമയത്തു പോലും ബസുകളുടെ മത്സരയോട്ടത്തിന് തടയിടാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. സ്റ്റോപ്പുകളിൽ വിദ്യാർത്ഥികൾ ഭയപ്പാടോടെയാണ് ബസ് കാത്തു നിൽക്കുന്നത്.