
ആലപ്പുഴ : പദ്ധതി തുക വിനിയോഗത്തിൽ 2022-2023 വർഷം സംസ്ഥാന തലത്തിൽ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്തെത്തി. ഡിസംബർ രണ്ടാം വാരം വരെയുള്ള കണക്ക് പ്രകാരം തുക വിനിയോഗത്തിന്റെ 27.31 ശതമാനം പൂർത്തിയാക്കിയാണ് നേട്ടം കൈവരിച്ചത്. ഈ സാമ്പത്തിക വർഷത്തേക്ക് 429.62 കോടിയുടെ ബഡ്ജറ്റാണ് ജില്ലയിൽ പ്രഖ്യാപിച്ചിരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 117.33 കോടി രൂപയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബാക്കിയുള്ള പദ്ധതികളും ഈ സാമ്പത്തിക വർഷം നടപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിർവഹണ പുരോഗതി പ്രകാരം 47.05 ശതമാനവുമായി അരൂർ പഞ്ചായത്താണ് ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്ത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 47.26 ശതമാനവുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും നഗരസഭകളിൽ 45.89 ശതമാനവുമായി കായംകുളവുമാണ് ഒന്നാം സ്ഥാനത്തുള്ളത്.
ജില്ലയിൽ അംഗീകാരം നൽകിയ പദ്ധതികൾ
(പേര്, എണ്ണം എന്ന ക്രമത്തിൽ)
അങ്കണവാടി പോഷകാഹാരത്തിന് : 98
പാലയേറ്റീവ് പരിചരണത്തിന് : 107
ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിന് :316
മഴക്കാല പൂർവ്വ ശുചീകരണത്തിന്: 12
അങ്കണവാടി ജീവനക്കാർക്കുള്ള വേതനം: 143
കൃഷി (ത്രിതല പഞ്ചായത്തുകൾ ഏറ്റെടുത്തത്) : 595
മത്സ്യ മേഖലയിൽ : 162
ക്ഷീര മേഖലയിൽ : 199
തൊഴിൽ സംരംഭങ്ങൾക്ക് : 284
ഖര മാലിന്യ നിർമാർജനം : 382
ദ്രവമാലിന്യ നിർമ്മാർജ്ജനം: 89
ജൈവ മാലിന്യ നിർമാർജനം : 176
ജനകീയ ഹോട്ടലുകൾക്ക് : 65