 
മാന്നാർ: പ്രധാന റോഡിലേക്ക് ഏതു നിമിഷവും വീഴാവുന്ന നിലയിൽ മരത്തിന്റെ പകുതി ഒടിഞ്ഞ് നിൽക്കുന്ന ശിഖരം അപകട ഭീതിയുണർത്തുന്നു. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയോരത്ത് മാന്നാർ കുറ്റിയിൽ ജംഗ്‌ഷനിൽ കേരള ഗ്രാമീണ ബാങ്കിന് സമീപമുള്ള പ്രധാന റോഡിലേക്ക് ജീർണ്ണാവസ്ഥയിലായ പാലമരത്തിന്റെ ശിഖരമാണ് പകുതി ഒടിഞ്ഞ് തൊട്ടടുത്തുള്ള മാവിൽ തങ്ങി നിൽക്കുന്നത്. ശക്തമായ കാറ്റടിച്ചാൽ റോഡിന്റെ ഇരു വശങ്ങളിലുമുള്ള വൈദ്യുത കമ്പികളിലേക്കായിരിക്കും അപകടാവസ്ഥയിലായ വൻ ശിഖരം പതിക്കുന്നത്. നാട്ടുകാരും സമീപത്തെ കച്ചവടക്കാരും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അത് മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ ഒന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിലും ശക്തമായ കാറ്റിലും ഭീതിയോടെയാണ് കച്ചവടക്കാർ കഴിഞ്ഞത്. നായർ സമാജം സ്‌കൂളുകൾ, ഗവ.എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികളടക്കം നൂറുകണക്കിന് കാൽ നടക്കാരും നിരവധി വാഹനങ്ങളും ഈ മരത്തിനു സമീപത്തുകൂടിയാണ് സഞ്ചരിക്കുന്നത്. എത്രയും പെട്ടെന്ന് മരത്തിന്റെ ശിഖരം മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.