മാവേലിക്കര: ഓട്ടോറിക്ഷകളെ പറ്റിയുള്ള വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ മാവേലിക്കര നഗരത്തിലെ വിവിധ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച്, മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥർ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. യൂണിഫോം ഇല്ലാതെ വാഹനം ഓടിക്കുക, സാധുവായ രേഖകൾ ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കുക എന്നിവ സംബന്ധിച്ച പരിശോധനയിൽ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധനകൾ നടന്നത്. 32 ഓട്ടോറിക്ഷകൾക്കെതിരെ കേസെടുത്ത് പിഴചുമത്തി. യൂണിഫോമില്ലാതെ വാഹനം ഓടിച്ച 12 വാഹനങ്ങളും, പരിശോധനയിൽ കുടുങ്ങി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 3 പേർക്കെതിരെ 10000 രൂപ പിഴ ഈടാക്കി. വാഹങ്ങളുടെ ലൈറ്റുകൾ, ഹോണുകൾ തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. വാടകയ്ക്ക് സർവീസ് നടത്തുന്ന 2 സ്വകാര്യ ഓട്ടോറിക്ഷകൾക്കെതിരെ നടപടി എടുത്തു. തുടർ ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജ് അറിയിച്ചു. എം.വി.ഐമാരായ ജയിൽ.ടി ലൂക്കോസ്, അജിത്ത് കുമാർ സി.ബി, എ.എം.വിമാരായ സജു.പി ചന്ദ്രൻ, സുനിൽ കുമാർ എം.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.