
ചേർത്തല:ഉത്തമ ജീവിതത്തിനുള്ള മഹാ ഒൗഷധമാണ് രാമായണമെന്ന് ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കൽ പറഞ്ഞു. വെട്ടയ്ക്കൽ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന രാമായണ സത്രത്തിൽ മൂന്നാം ദിവസം സത്രദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.മനുഷ്യ ജീവിതത്തെ രൂപപ്പെടുത്താനുള്ള മഹാസന്ദേശങ്ങൾ അടങ്ങിയ മാതൃകാഗ്രന്ഥമാണ് രാമായണം. മൂല്യച്യുതിയിൽ അകപ്പെട്ട സമകാലിക സമൂഹത്തിൽ മാർഗനിർദ്ദേശകരമായ അനേകമാളുകളുടെ അനുഭവ വഴികളിലൂടെയാണ് രാമായണത്തിന്റെ സഞ്ചാരം.അത് കാലാതിവർത്തിയായ ജീവിത സന്ദേശങ്ങളുടെ മികച്ച മാതൃകാ ഗ്രന്ഥമാണെന്നും രാജീവ് പറഞ്ഞു. ഭാഗവത ചൂഢാമണി ഡോ.പള്ളിക്കൽ സുനിൽ സത്രാചാര്യനായ രാമായണ സത്രം 17ന് അവസാനിക്കും.
നാലാം ദിവസമായ ഇന്ന് രാവിലെ 10ന് നവഗ്രഹപൂജ,വൈകിട്ട് 5.30ന് ഹനുമൽ പൂജ,6.30ന് കളഭച്ചാർത്തോടുകൂടി ദീപാരാധന,വൈകിട്ട് 7ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മന്മഥൻ സത്രദിന സന്ദേശം നൽകും.17ന് നടക്കുന്ന സമാപന സമ്മേളനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി ഉദ്ഘാടനം ചെയ്യും. ചെയർമാൻ മനോജ് മാവുങ്കൽ അദ്ധ്യക്ഷത വഹിക്കും. വയലാർ ശരത്ചന്ദ്രവർമ്മ പുരസ്ക്കാര സമർപ്പണം നടത്തും. എസ്.ഗംഗപ്രസാദ് മുഖ്യപ്രഭാഷണം നടത്തും.