ആലപ്പുഴ : വാതിൽപ്പടി വിതരണ കരാറുകാരും സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഗോഡൗണിലെ ജീവനക്കാരും ചേർന്ന മാഫിയയുടെ നേതൃത്വത്തിൽ ജില്ലയിൽ റേഷനരി കടത്ത് വ്യാപകം. കഴിഞ്ഞ ദിവസം മാവേലിക്കര, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിൽ നിന്ന് വാതിൽപ്പടി വിതരണക്കാരുടെ വാഹനത്തിൽ നിന്ന് റേഷനരി പിടിച്ചെടുത്ത സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തായത്. മാവേലിക്കരയിൽ ഗോഡൗണിൽ നിന്ന് ഭക്ഷ്യധാന്യം കടത്തിയ സപ്ളൈകോ ജീവനക്കാരനെ ഉൾപ്പെടെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
റേഷൻ വാതിൽപ്പടി വിതരണത്തിനായി കരാർ ഏറ്റെടുത്തവരിൽ ഭൂരിഭാഗവും മൊത്തക്കച്ചവടക്കാരാണ്. കഴിഞ്ഞ ദിവസം തെക്കൻ പ്രദേശങ്ങളിലെ വിവിധ സ്വകാര്യകേന്ദ്രങ്ങളിൽ നിന്ന് റേഷനരിയും ഭക്ഷ്യധാന്യങ്ങളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ സിവിൽ സപ്ളൈസ് കോർപ്പറേഷൻ അന്വേഷണം ആരംഭിച്ചു. നിലവിലെ നിയമം പരിഷ്‌കരിച്ച് എൻഫോഴ്സ്‌മെന്റ് വിഭാഗത്തെ നിയമിക്കാത്തതും കടത്തുകാർക്ക് സഹായകമാകുന്നുണ്ട്. റേഷൻകടകൾ, ഗോഡൗൺ എന്നിവിടങ്ങളിൽ സി.സി.ടിവി കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നു.
രേഖ ഒരു വഴി, വണ്ടി വേറെ വഴി
വാതിൽപ്പടി വിതരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ ആർ.സി ബുക്കിന്റെ പകർപ്പുൾപ്പെടെയുള്ള രേഖകൾ എൻ.എഫ്.എസ്.എ ഗോഡൗൺ മാനേജർക്ക് നൽകണമെന്നും ഈ വാഹനത്തിലേ റേഷൻ സാധനങ്ങൾ കൊടുത്തു വിടാവൂവെന്നുമാണ് നിയമം. എന്നാൽ, പലപ്പോഴും കരാറുകാരൻ രേഖകൾ ഹാജരാക്കാത്ത വാഹനങ്ങളുമായി എത്തി റേഷൻ സാധനങ്ങൾ വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. ഉദ്യോഗസ്ഥരുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിൽ.
ജി.പി.എസ് ട്രാക്കിംഗിന് മെല്ലെപ്പോക്ക്
ലോറികളിൽ ജി.പി.എസ് ഘടിപ്പിച്ചെങ്കിലും ട്രാക്കിംഗ് സംവിധാനം സജ്ജമാക്കിയിട്ടില്ല
ഗോഡൗണുകളിൽ നിന്ന് കടകളിലേക്കുള്ള ലോറികൾ ഏതൊക്ക വഴിയിലൂടെ പോകുന്നെന്നറിയില്ല
കരിഞ്ചന്തക്കാരെ സഹായിക്കാനാണ് ട്രാക്കിംഗ് വൈകിപ്പിക്കുന്നതെന്ന് ആക്ഷേപം
മാസങ്ങൾക്ക് മുമ്പ് ഏജൻസിയെ നിയമിച്ചെങ്കിലും സാങ്കേതിക നടപടികൾ പൂർത്തീകരിച്ചില്ല
ജി.പി.എസ് ട്രാക്കിംഗ് എന്ന് തുടങ്ങാനാകുമെന്ന് അധികൃതർക്ക് പോലും പറയാൻ കഴിയുന്നില്ല
എങ്ങനെ ട്രാക്കിലാക്കും
റേഷൻ വിതരണത്തിന് ജില്ലയിൽ ആറു താലൂക്കുകളിലായി വേണ്ടത് 500ഓളം ലോറികളാണ്. വാടകയ്‌ക്കെടുക്കുന്ന ലോറികളെ ജി.പി.എസ് ട്രാക്കിംഗ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ സമയമേറെവേണ്ടിവരും. ഭക്ഷ്യധാന്യ വിതരണത്തിലെ തിരിമറി തടയുന്നതിനായി ഗോഡൗണുകളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും എങ്ങുമെത്തിയിട്ടില്ല.