manth-

ചാരുംമൂട്: ദേഹത്ത് 'ജിന്ന്' കയറിയെന്നാരോപിച്ച് 25കാരിയെ ദുർമന്ത്രവാദത്തിനിരയാക്കി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടാം ഭർത്താവ് ഉൾപ്പെടെ ആറു പേരെ നൂറനാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു. രണ്ടാം ഭർത്താവ് അടൂർ പഴകുളം പടിഞ്ഞാറുംമുറിയിൽ ചിറയിൽ കിഴക്കതിൽ അനീഷ് (34), ഇയാളുടെ ബന്ധുക്കളായ താമരക്കുളം മേക്കുംമുറിയിൽ സൗമ്യ ഭവനത്തിൽ ഷിബു (31), ഭാര്യ ഷാഹിന (23), മന്ത്രവാദികളായ കരിക്കം ചന്ദനക്കാവ് ബിലാൽ മൻസിലിൽ സുലൈമാൻ (52), കുളത്തുപ്പുഴ സ്വദേശികളും സഹോദരങ്ങളുമായ നെല്ലിമൂട് ഇമാമുദ്ദീൻ മൻസിലിൽ അൻവർ ഹുസൈൻ (28), ഇമാമുദ്ദീൻ (35) എന്നിവരാണ് പിടിയിലായത്.

കറ്റാനം ഭരണിക്കാവ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയെ ബാധിച്ച ജിന്ന് ഒഴിവാക്കാനെന്ന പേരിൽ മൂന്ന് തവണയാണ് ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. അനീഷും ബന്ധുക്കളും ദുർമന്ത്രവാദികളെ ആദിക്കാട്ടുകുളങ്ങരയിലെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. റബർ തോട്ടത്തിന് നടുവിലുള്ള വീടായതിനാൽ സംഭവം കാര്യമായി പുറംലോകം അറിഞ്ഞിരുന്നില്ല. സംശയം തോന്നി ചില സമീപവാസികൾ ചോദിച്ചപ്പോൾ ഭാര്യയ്ക്ക് ഭ്രാന്താണെന്നായിരുന്നു അനീഷിന്റെ മറുപടി.

തിരുവനന്തപുരം ഇൻഫോപാർക്കിലും ടെക്നോപാർക്കിലും ജോലിയുണ്ടായിരുന്ന യുവതിയുടെ രണ്ടാം വിവാഹമാണ് അനീഷുമായുള്ളത്. ദോഷങ്ങൾ മാറാനെന്ന വ്യാജേന, വീട്ടിലുള്ള സമയം യുവതിയുടെ കൂടെ നടന്ന് അനീഷ് മന്ത്രങ്ങൾ ചൊല്ലുകയും ഓതുകയും പതിവായിരുന്നു. ഇതിനെ യുവതി ചോദ്യം ചെയ്‌തപ്പോൾ ദേഹത്ത് ജിന്ന് കയറിയെന്നും ഒഴിവാക്കേണ്ടതാണെന്നും വിശ്വസിപ്പിച്ചു. ബന്ധുക്കളായ ഷിബുവിന്റെയും ഷാഹിനയുടെയും സഹായത്തോടെയാണ് മന്ത്രവാദികളെ വിളിച്ചുവരുത്തിയത്. പ്രതിരോധിച്ചപ്പോൾ കെട്ടിയിട്ട് അടിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ആദ്യ തവണ ദുർമന്ത്രവാദം നടത്തിയപ്പോൾ വാൾ വച്ച് മുറിപ്പെടുത്താൻ ശ്രമിച്ചെന്ന് യുവതി മൊഴി നൽകി. രണ്ടാമത്തെ തവണ മറ്റൊരു സ്ഥലത്ത് കൊണ്ടുപോയും ഉപദ്രവിച്ചു. പ്രതികൾ അന്ധവിശ്വാസത്തിന് അടിപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.