ആലപ്പുഴ: എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള ലിസ്റ്റ് അനുസരിച്ച് കൂടിക്കാഴ്ച നടത്തി മാസങ്ങൾ പിന്നിട്ടിട്ടും ആലപ്പുഴ നഗരസഭയിലെ ശുചീകരണ വിഭാഗത്തിൽ നിയമനം നടക്കുന്നില്ലെന്ന് പരാതി.

84 പേരെ നിയമിക്കാൻ കഴിഞ്ഞ ഏപ്രിൽ 11ന് ആണ് കൂടിക്കാഴ്ച നടത്തിയത്. 10 മാസം പിന്നിട്ടിട്ടും പട്ടിക തയ്യാറാക്കാൻ എംപ്ളോയ്മെന്റ്, നഗരസഭ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. 743 പേർക്കാണ് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് അഭിമുഖത്തിന് കാർഡ് അയച്ചത്. നിയമന പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ ശേഷിച്ച ഉദ്യോഗാർത്ഥികൾക്ക് തുടർന്ന് വരുന്ന ഒഴിവുകളിലേക്ക് പരിഗണന ലഭിക്കില്ല. പ്രായപരിധി കഴിഞ്ഞാൽ ഇവർക്ക് ഇനി യാതൊരു സാദ്ധ്യതയുമുണ്ടാവില്ല. പട്ടിക തയ്യാറാക്കിയാൽ പിന്നെ കൗൺസിൽ അംഗീകാരം നൽകണം. തുടർന്നാണ് നിയമനം. 17,000 രൂപയാണ് പ്രതിമാസ വേതനം.

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള ലിസ്റ്റ് അനുസരിച്ച് ശുചീകരണ വിഭാഗത്തിലേക്ക് ആവശ്യമായ ജീവനക്കാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകി. ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിച്ച് സർക്കാർ മാനദണ്ഡം പാലിച്ച് നിയമനം നടത്തും

സൗമ്യ രാജ്, ചെയർപേഴ്സൺ, നഗരസഭ