ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പിലെ ചോർച്ചയ്ക്ക് പരിഹാരം കണ്ടപ്പോൾ, പ്ളാന്റിലുണ്ടായ പുതിയ ചോർച്ച അടുത്ത പ്രതിസന്ധിയായി. തകഴി കന്നാമുക്കിലെ പൈപ്പ് യോജിപ്പിക്കലും ലെവൽ ക്രോസിന് സമീപത്തെ ലൈനിലെ ചോർച്ച പരിഹരിക്കലുമാണ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ചത്.
ഇതിനിടയിലാണ് കരുമാടിയിലെ ട്രീറ്റ്മെന്റ് പ്ലാന്റിനുള്ളിൽ ചോർച്ച രൂപപ്പെട്ടത് . കടപ്ര ആറ്റിൽ നിന്ന് കരുമാടിയിലെ പ്ലാന്റിലേക്ക് വെള്ളം ശക്തമായി പമ്പ് ചെയ്ത് കയറ്റാൻ സാധിക്കുന്നുണ്ട്. പക്ഷേ പ്ലാന്റിൽ ശുദ്ധീകരിച്ച ശേഷം വെള്ളം പമ്പ് ചെയ്യേണ്ട ലൈനിലാണ് ചോർച്ചയുണ്ടായത്. തകഴിയിലെ പൈപ്പിലെ അറ്റകുറ്റപ്പണികൾക്കൊപ്പം ഈ ചോർച്ചയും പരിഹരിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. ഇന്നലെ വൈകിയും പണി തുടർന്നു. പ്ലാന്റിനുള്ളിലെ ചോർച്ച പൂർണമായി പരിഹരിക്കുന്ന മുറയ്ക്ക് ഇന്ന് രാവിലെ മുതൽ ലൈനുകളിലേക്കുള്ള പമ്പിംഗ് ആരംഭിക്കാൻ സാധിക്കുമെന്നാണ് പദ്ധതിയുടെ നിർവഹണ ഏജൻസിയായ യുഡിസ്മാറ്റ് അധികൃതരുടെ കണക്കുകൂട്ടൽ. അമ്പലപ്പുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിയിട്ട് നാല് ദിവസം പിന്നിട്ടു. തകഴി ഭാഗത്തെ ചോർച്ചയ്ക്ക് പരിഹാരമായതോടെ ഇവിടുത്തെ റോഡ് തകരുന്ന പതിവ് പ്രതിസന്ധിയും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ജനം. ചോർച്ച പരിഹരിക്കുന്നതിന് വേണ്ടി പൊളിച്ച അപ്രോച്ച് റോഡ് പൂർവ്വസ്ഥിതിയിലാക്കി തരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പരിഹരിച്ച പ്രശ്നങ്ങൾ
തകഴി ലെവൽ ക്രോസിന് സമീപത്തെ ചോർച്ച
കന്നാമുക്കിൽ രണ്ട് സ്ഥലത്ത് പൈപ്പ് യോജിപ്പിക്കൽ
പൈപ്പ് യോജിപ്പിക്കൽ ജോലിക്കൊപ്പം തന്നെ പ്ലാന്റിനുള്ളിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്ന നടപടികൾ ആരംഭിച്ചിരുന്നു. ഈ ചോർച്ച പൂർണമായി പരിഹരിച്ചാൽ മാത്രമേ ലൈനുകളിലേക്ക് പമ്പിംഗ് ആരംഭിക്കാനാവൂ. ഇന്ന് രാവിലെ മുതൽ പമ്പിംഗ് തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നു
- യുഡിസ്മാറ്റ് അധികൃതർ