1
ഡോ.ജോൺസൺ വി. ഇടിക്കുളയും ജിജിമോളും ബെൻദാനിയേലും ഡാനിയലും

കുട്ടനാട് : അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ക്രൊയേഷ്യയെ തോല്പിച്ച് ഫൈനലിൽ കടന്നപ്പോൾ തലവടി വാലയിൽ ബെറാഖാ ഭവനിൽ സന്തോഷം അണപൊട്ടി. വേൾഡ് കപ്പ് ആരംഭിക്കുന്നതിനു മുമ്പ് വാർത്തകളിൽ ഇടം പിടിച്ചതാണ് ഈ വീട്. വീടിനും മതിലിനുമൊക്കെ അർജന്റീനയുടെ ജേഴ്സിയുടെ നിറം നൽകി ഉടമസ്ഥൻ ജോൺസൺ വി.ഇടിക്കുളയുടെ മക്കളായ ബെൻദാനിയേലും ഡാനിയലും തങ്ങളുടെ ഇഷ്ട ടീമിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിച്ചതാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ അംബാസിഡറും ജീവകാരുണ്യ പ്രവർത്തകനുമാണ് ഡോ.ജോൺസൺ വി.ഇടിക്കുള. ഭാര്യ ജിജിമോൾ ജോൺസൺ സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സിംഗ് ഡയറക്ടറാണ്. വീടിനുള്ളിലും മതിലിലും മറ്റും ദീപങ്ങൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ക്രൊയേഷ്യക്കെതിരെയുള്ള വിജയം അർജന്റീനയുടെ കട്ട ഫാൻസായ ബെൻദാനിയേലും ഡാനിയലും ആഘോഷിച്ചത്.

കുഞ്ഞുനാൾ തൊട്ടേ ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ഇവരുടെ ഇഷ്ടതാരം സ്റ്റാർ സ്ട്രൈക്കർ മെസിയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ, പത്രമുൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളിൽ വരുന്ന മെസിയുടെ ചിത്രം ബുക്കിലും മറ്റും വെട്ടിയൊട്ടിച്ചാണ് ആരാധന പ്രകടിപ്പിച്ചിരുന്നത് . ഇത്തവണ മെസിയും അർജന്റീനയും കപ്പെടുക്കുമെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം.