ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പുനർനിർണയിച്ച ബസ് സ്റ്റോപ്പുകളിലേക്ക് യാത്രക്കാർ നീങ്ങി നിൽക്കണമെന്ന് അഭ്യർത്ഥിച്ചുള്ള അറിയിപ്പ് ബോർഡുകളുടെ സ്ഥാപനവും ബോധവത്ക്കരണവും ആലപ്പി സ്പോർട്സിന് മുൻവശം ആലപ്പുഴ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാകമ്മറ്റിയും മോട്ടോർ വാഹനവകുപ്പും ട്രാഫിക് പൊലീസും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.ആലപ്പുഴ നഗരപരിധിയിൽ പൊലീസ് ഔട്ട്പോസ്റ്റ്, കല്ലുപാലം, തിരുവമ്പാടി, കളർകോട്, ജില്ലാക്കോടതിപ്പാലം, കൈചൂണ്ടി മുക്ക് തുടങ്ങിയ സ്റ്റോപ്പുകളാണ് പുനർനിർണയിച്ചിട്ടുള്ളത്. പുതിയ ഗതാഗത സംവിധാനം മൂലം ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സിയും പുതിയ സംവിധാനം പാലിക്കണമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശരത്, വിമൽ, മുജീബ് റഹ്‌മാൻ, കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ, സെക്രട്ടറി എസ്.എം.നാസർ, ടി.പി.ഷാജിലാൽ, റിനു സഞ്ചാരി, ബിനു ദേവിക എന്നിവർ പങ്കെടുത്തു.