manththra
ദുർമന്ത്രവാദം

കറ്റാനം: ഭർത്താവ് ജോലിക്കു പോകാത്തതിന്റെ പേരിലുണ്ടായ കലഹമാണ് യുവതിക്കെതിരെ ദുർമന്ത്രവാദത്തിന് കളമൊരുങ്ങിയത്. ഭർത്താവിന്റെയും ബന്ധുവിന്റെയും വീട്ടിൽ 3 മാസത്തിനുള്ളിൽ 3 തവണയാണ് കളം വരച്ചത്. എതിർക്കാൻ ശ്രമിച്ചപ്പോഴാണു ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും ചേർന്ന് ഉപദ്രവിക്കാനും അപായപ്പെടുത്താനും ശ്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു.

യുവതിയുടെ 'ബാധ' ഒഴിപ്പിക്കാനായി ഭർത്താവും സ്ത്രീ ഉൾപ്പെടെയുള്ള ബന്ധുക്കളും ചേർന്നാണ് ദുർമന്ത്രവാദി സംഘത്തെ വിളിച്ചു വരുത്തിയത്. മന്ത്രവാദിയായ സുലൈമാനും സംഘവും ചേർന്ന് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. 3 മാസം മുൻപായിരുന്നു തുടക്കം. അന്ന് ബാധയൊഴിപ്പിക്കലെന്ന പേരിലുണ്ടായ ക്രൂര മർദ്ദനത്തെ തുടർന്ന് ഇടതു കാലിന്റെ ചിരട്ടയ്ക്കു ഗുരുതര പരുക്കേറ്റ് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ 3 ദിവസത്തോളം ചികിത്സ തേടി. പിന്നീട് വീൽചെയറിലും ഊന്നുവടിയിലുമായി വീട്ടിൽ കഴിയവെ, കാലിനു അമിത വേദന ഉണ്ടായപ്പോൾ മറ്റാെരു ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടു പാേകാമെന്ന വ്യാജേന ഭർത്താവ് അനീഷ് യുവതിയെയും മാതാവിനെയും 2 മക്കളെയും താമരക്കുളം ഇരപ്പൻ പാറയ്ക്കു സമീപമുള്ള ബന്ധുവിന്റെ വീട്ടിൽ എത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. രാത്രി ഒൻപതരയോടെയായിരുന്നു ബാധയൊഴിപ്പിക്കാൻ ആദ്യം ശ്രമിച്ചത്. ഇതിനു വഴങ്ങാത്തതോടെ മർദ്ദിച്ചു. കാറിൽ ഇരുന്ന യുവതിയെ സുലൈമാനും സംഘവും വലിച്ചിറക്കിയും ഉപദ്രവിച്ചുമാണ് മുറിക്കുള്ളിലേക്കു കൊണ്ടുപോയത്. ഈ സമയം മന്ത്രവാദിയുടെ സഹായിയും ബന്ധുവുമായ സ്ത്രീയും മർദ്ദിച്ചെന്നും യുവതി പറഞ്ഞു.

പിന്നീട് സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയ ശേഷം ഭർത്താവ് കത്തി കാട്ടി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വള്ളികുന്നം പൊലീസിൽ യുവതിയും മാതാവും ചേർന്നു പരാതി നൽകി. മന്ത്രവാദത്തെപ്പറ്റിയും അന്ന് സൂചിപ്പിരുന്നു. പിന്നീട് പൊലീസ് ഭർത്താവിനെ വിളിച്ചുവരുത്തി കത്തി വാങ്ങി താക്കീതു നൽകി വീട്ടിലേക്കു അയയ്ക്കുകയായിരുന്നു. ഇതിനു ശേഷം ഒരു മാസമാണ് ഭർത്താവുമൊത്ത് കഴിഞ്ഞത്. കഴിഞ്ഞ 11ന് വൈകിട്ട് 5ന് സുലൈമാനും സംഘവും ബന്ധുവായ ഷാഹിനയും ഭർത്താവ് ഷിബുവും ചേർന്നു വീണ്ടും വീട്ടിലെത്തി. വിശേഷങ്ങൾ പരസ്പരം പങ്കു വയ്ക്കുന്നതിനിടെ മുൻപത്തെപ്പോലെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ സംഘം വന്ന വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകി.
4 വർഷം മുൻപാണു അനീഷിനെ യുവതി വിവാഹം ചെയ്തത്. യുവതിയുടെ രണ്ടാം വിവാഹമാണിത്. 3 മാസം പ്രായമുള്ള കൈക്കുഞ്ഞടക്കം 2 മക്കളാണ് ഇവർക്കുള്ളത്. മാതാവുമായി കറ്റാനം ഇലിപ്പക്കുളത്ത് താമസിച്ചു വരുന്നതിനിടെയായിരുന്നു വിവാഹം.