മാന്നാർ : ആറുമാസം മുതൽ മൂന്ന് വയസ് വരെ പ്രായമായ കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമായ അമൃതം ന്യൂട്രിമിക്‌സിൽ പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ യൂണിറ്റ് പൂട്ടി. മാന്നാർ പാവുക്കര രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന 171-ാം നമ്പർ അങ്കണവാടി വഴി വിതരണം ചെയ്ത അമൃതം ന്യൂട്രിമിക്‌സിന്റെ ആഗസ്റ്റ് മാസത്തിലെ 177 ബാച്ച് നമ്പറിലുള്ള അരക്കിലോ പാക്കറ്റിലാണ് പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്. ഇത് നിർമ്മിച്ച മാന്നാർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭമായ അമൃതശ്രീ അമൃതംഫുഡ് സപ്ലിമെന്റാണ് പൂട്ടിയത്.
പാവുക്കര ചിത്ര ഭവനത്തിൽ ആദർശ് എം.കൃഷ്ണന്റെ മകൻ അഥർവ്വിനു അങ്കണവാടിയിൽ നിന്നും ലഭിച്ച അമൃതംപൊടി പാകംചെയ്യാനായി മാതാവ് അഭിചന്ദന പാക്കറ്റ് പൊട്ടിച്ചിടുമ്പോഴാണ് ചത്തപല്ലിയുടെ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്തിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ റെജി ഡെയിൻസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ജയപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ടി.വി.രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗം ശിവപ്രസാദ്, സെക്രട്ടറി, ഗീവർഗീസ് എന്നിവർ കുട്ടംപേരൂർ പത്താംവാർഡിൽ മുട്ടേൽ മിനിസിവിൽസ്റ്റേഷനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തി പരിശോധിക്കുകയും വൃത്തിഹീനമായ നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് അടച്ച് പൂട്ടി സീൽ ചെയ്യുകയുമായിരുന്നു. ചെങ്ങന്നൂർ താലൂക്കിലെ മുഴുവൻ അങ്കണവാടികളിലേക്കും ഈ യൂണിറ്റിൽ നിന്നാണ് അമൃതം ന്യൂട്രിമിക്സ് വിതരണം ചെയ്തിരുന്നത്. കുടുംബശ്രീ അംഗങ്ങളായ ഒമ്പത് വനിതകളുടെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം.