കുട്ടനാട്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പന്ത്രണ്ട് നോമ്പ് മഹോത്സവത്തിന് തുടക്കം കുറിച്ച് മംഗളദീപ പ്രതിഷ്ഠ നടന്നു. ക്ഷേത്ര മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും ചേർന്ന് മൂല കുടുംബക്ഷേത്രത്തിലെ കെടാവിളക്കിൽ നിന്നു പകർന്ന ദീപം മാനേജിംഗ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി, ട്രസ്റ്റിയും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടയേന്തിയ അമ്മമാരുടെയും സാന്നിദ്ധ്യത്തിൽ ക്ഷേത്രത്തിലേക്കെഴുന്നള്ളിച്ചാണ് കൊടിമരച്ചുവട്ടിൽ മംഗളദീപ പ്രതിഷ്ഠ നടത്തിയത്.
ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, അജിത്ത് കുമാർ പിഷാരത്ത്, ബിജുതലവടി, പ്രസന്നകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വെള്ളിയാഴ്ച രാവിലെ ആറിന് 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ഈ വർഷത്തെ പന്ത്രണ്ട് നോമ്പ് മഹോത്സവം ആരംഭിക്കും. രാവിലെ 9ന് തൃക്കൊടിയേറ്റും ചമയക്കൊടിയേറ്റും പട്ടമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ തിരുമേനി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ, മാനേജിംഗ് ട്രസ്റ്റിയും മേൽശാന്തിമാരുമായ അശോകൻ രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. 16ന് രാവിലെ 9.30ന് രാധാകൃഷണൻ തിരുമേനി മീനാക്ഷിയമ്മ ഗുരുക്കളുടെ പാദം കഴുകി നാരിപൂജ ചടങ്ങ് നിർവഹിക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തമിഴ് നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർ ബാബു ഉദ്ഘാടനം ചെയ്യും.
17ന് രാവിലെ 10ന് ആരംഭിക്കുന്ന ദേവിഭാഗവത നവാഹയജ്ഞത്തിന് യജ്ഞാചാര്യൻ ഭാഗവത ഡോ. പള്ളിക്കൽ സുനിൽ നേതൃത്വം നൽകും. 25ന് സമാപിക്കും. 26ന് രാവിലെ 9ന് ചക്കുളത്തമ്മയുടെ ഏറ്റവും പ്രിയപ്പെട്ട വഴിപാടായ കലശാഭിഷേകവും വൈകിട്ട് 3ന് തിരുവാഭരണ ഘോഷയാത്രയും അവസാന ദിവസമായ 27ന് കാവടി കരകം വരവ് ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും നടക്കും. തുടർന്ന് മഞ്ഞനീരാട്ട്. പന്ത്രണ്ട് നോമ്പ് മഹോത്സദിവസങ്ങളിൽ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചുള്ള പൂജകളും സമർപ്പണങ്ങളും പ്രസാദമൂട്ടും നടക്കും. വീണക്കച്ചേരി, ഭരതനാട്യം, സംഗീതക്കച്ചേരി, ഭക്തിഗാനസുധ, തിരുവാതിര, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും കളമെഴുത്തും പാട്ടും, താലം, കോലം, താലപ്പൊലി ഘോഷയാത്ര എന്നിവയുമുണ്ടാവും.