മാവേലിക്കര: 15 വർഷം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാത്തികുളം ചെമ്പകശ്ശേരിൽ എ.ഇ.രാമചന്ദ്രക്കുറുപ്പ് വിടവാങ്ങിയപ്പോൾ നഷ്ടമായത് തെക്കേക്കരയെ സമൃദ്ധിയിലേക്ക് നയിച്ച നേതാവിനെ. 1964-79 കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം വാത്തികുളം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് വിജയിച്ചത്. പഞ്ചായത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ ഭരണ കാലത്താണ്.
1965 ൽ ജില്ലാ വികസന സമിതി അംഗമായി. 1974ൽ മാവേലിക്കര ബ്ലോക്ക് വികസന സമിതി പ്രസിഡന്റായി.
ദീർഘകാലം ഓണാട്ടുകര കാർഷിക വികസന സമിതി സെക്രട്ടറിയായിരുന്നു. പഞ്ചായത്തിനെ മൂന്നാം ഗ്രേഡിൽ നിന്നും ഒന്നാം ഗ്രേഡിൽ എത്തിക്കാൻ നേതൃത്വം നൽകി. പദ്ധതി വിജയിപ്പിച്ചതിന്റെ പ്രതിഫലമായി ലഭിച്ച സബ്സിഡി തുക വിനിയോഗിച്ച് ചൂരല്ലൂർ എൽ.ഐ.സി കോളനിക്ക് 3.52 ഏക്കർ ഭൂമി വാങ്ങി 44 കുടുംബങ്ങൾക്ക് വീട് വച്ചു നൽകി. പഞ്ചായത്തിലെ ഒറ്റയടിപ്പാതകൾ വീതി കൂട്ടി റോഡുകളാക്കിയതും ഇക്കാലത്താണ്. നിരവധി നിയമ പോരാട്ടങ്ങൾ നടത്തി പഞ്ചായത്തിൽ ആയുർവേദ ഡിസ്പെൻസറി എത്തിച്ചു. 1969ൽ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടി. 1976 ൽ വാത്തികുളത്ത് മൃഗാശുപത്രി എത്തിച്ചു. കുറത്തികാട് പി.എച്ച്.സിയിൽ പ്രസവവാർഡ് ആരംഭിച്ചു. വാർഡിന്റെ കെട്ടിടം നിർമിക്കാൻ നാടകം നടത്തി 22450 രൂപ പൊതുജന വിഹിതമായി സ്വരൂപിച്ചു. 1970 ൽ ഇന്റൻസീവ് റൂറൽ ഇലക്ട്രിഫിക്കേഷൻ പ്രോഗ്രാം പഞ്ചായത്തിൽ എത്തിച്ചു. ട്രാൻസ്ഫോർമറുകളുടെ സ്ഥാപനം, മിനിമം ഗ്യാരന്റി സമ്പ്രദായം, 11 കെവി ലൈൻ, തെരുവ് വിളക്ക് എന്നിവ അടങ്ങുന്നതായിരുന്നു പാക്കേജ്. 1979 ൽ കേരളത്തിലെ എറ്റവും മികച്ച പഞ്ചായത്തിനുള്ള ദേശീയ ആവാർഡും ലഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. ഇതിന് ശേഷമാണ് അദ്ദേഹം പഞ്ചായത്ത് ഭരണത്തിൽ നിന്ന് പടിയിറങ്ങിയത്.
ഇന്റൻസീവ് ഹെൽത്ത് എജ്യൂക്കേഷൻ ഡെമോൺസ്ട്രേഷൻ പ്രൊജക്ട് തെക്കേക്കരയിൽ എത്തിച്ചു. കൃഷിഭവൻ സംബന്ധിച്ച ആശയം സർക്കാരിന് മുന്നിൽ ആദ്യമായി അവതരിപ്പിച്ചത് എ.ഇ .രാമചന്ദ്രക്കുറുപ്പാണ്. രണ്ടു കോളനികൾക്ക് ഭൂമി വാങ്ങി നൽകി. 57 പൊതു കിണറുകൾ സ്ഥാപിച്ചു. കുറത്തികാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസിനെ സബ് പോസ്റ്റ് ഓഫീസായി ഉയർത്തി. കുറത്തികാട് എസ്.ബി.ടി സ്ഥാപിക്കാൻ മുൻകൈ എടുത്തു. ഇവിടത്തെ ആദ്യ നിക്ഷേപകൻ രാമചന്ദ്രകുറുപ്പാണ്.