ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളനം ഇന്ന് ആലപ്പുഴയിൽ ആരംഭിക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ കാനം രാജേന്ദ്രൻ, ജനറൽ കൺവീനർ കെ.പി.രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തുന്ന പതാക, ബാനർ, കൊടിമരം, ഛായാചിത്രം, ദീപശിഖ ജാഥകൾ ഇന്ന് വൈകിട്ട് അഞ്ചിന് മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ സംഗമിക്കും. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ പതാക ഉയർത്തും.
ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ദീപശിഖ തെളിയിക്കും. തുടർന്ന് നടക്കുന്ന തൊഴിലാളി സാംസ്‌കാരിക സമ്മേളനം സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. വയലാർ ശരത്ചന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിക്കും. ഡി.പി. മധു സ്വാഗതം പറയും. വിപ്ലവ ഗായിക പി.കെ. മേദിനിയെ മന്ത്രി ജി.ആർ.അനിൽ ആദരിക്കും. ആലങ്കോട് ലീല കൃഷ്‌ണൻ, കുരീപ്പുഴ ശ്രീകുമാർ, ടി.വി.ബാലൻ, ഇ.എം. സതീശൻ, വള്ളിക്കാവ് മോഹൻദാസ് തുടങ്ങിയവർ സംസാരിക്കും. ആർ.അനിൽകുമാർ നന്ദി പറയും. നാളെ രാവിലെ പത്തിന് പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് രമേന്ദ്രകുമാർ അദ്ധ്യക്ഷത വഹിക്കും. കാനം രാജേന്ദ്രൻ സ്വാഗതവും എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു നന്ദിയും പറയും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. 20 ന് വൈകിട്ട് മൂന്നിന് റാലിക്ക് ശേഷം ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതു സമ്മേളനം അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും.