ആലപ്പുഴ: ദേശീയപാത 66 ആറുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ ഭൂമി നിരപ്പാക്കിയ ഭാഗങ്ങളിൽ ടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കും. വിവിധ ഭാഗങ്ങളിൽ സർവീസ് റോഡുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
നിലവിലുള്ളതിൽ നിന്ന് മൂന്നര അടി ഉയരത്തിലാണ് സർവീസ് റോഡുകൾ നിർമ്മിക്കുന്നത്. ഇതിന്റെ ലെവലിംഗ് പ്രവൃത്തികളാണ് നടക്കുന്നത്. ആറുവരിപ്പാതയുടെ നിർമാണഘട്ടത്തിൽ വാഹനങ്ങൾ താത്കാലികമായി സർവീസ് റോഡ് വഴിയാകും തിരിച്ചുവിടുക. വിവിധ പ്രദേശങ്ങളിൽ ഭൂമി നിരപ്പാക്കൽ, സ്ലാബ് നിർമാണം എന്നിവയും പുരോഗമിക്കുന്നു.
31 വില്ലേജുകളിലായി 81 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാത വികസനം. മൂന്ന് റീച്ചുകളായാണ് നിർമ്മാണം നടത്തുന്നത്. ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം അവസാന ഘട്ടത്തിലാണ്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ ഇവിടെ ഭൂമിയുടെ അതിർത്തി നിർണയിച്ച് അലൈൻമെന്റ് കല്ലുകൾ സ്ഥാപിക്കുകയാണ്. ഏറ്റെടുത്ത ഭൂമിയിൽ നിൽക്കുന്ന 97.25 ശതമാനം കെട്ടിടങ്ങളും പൊളിച്ചു നീക്കി. ജില്ലയിൽ 132 കെട്ടിടങ്ങൾ മാത്രമാണ് ഇനി പൊളിച്ച് മാറ്റാനുള്ളത്. ദേവസ്വം ബോർഡിന്റെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരം ചർച്ച നടത്തി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
................................
ആകെ അനുവദിച്ച നഷ്ടപരിഹാരത്തുക: 3,180.53 കോടി
ഇതുവരെ വിതരണം ചെയ്തത്: 2935.5 കോടി