ആലപ്പുഴ: നഗരം ഉത്സവതിരക്കിലേക്ക് മാറുന്ന ഇന്ന് മുതൽ പൊതുജനങ്ങളുടെ ശങ്കയ്ക്കും പരിഹാരമാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ നാല് സെറ്റ് പൊതുടോയ്ലറ്റുകൾ ഇന്ന് മുതൽ നഗരത്തിൽ പ്രവർത്തിക്കും. കല്ലുപാലം, നഗരചത്വരം, നഗരചത്വരത്തിനു എതിർവശം, എസ്.ഡി.വി സെന്റനറി ഹാളിനു സമീപത്തെ എയ്റോബിക് യൂണിറ്റിനു സമീപം എന്നീ നാലു കേന്ദ്രങ്ങളിലായാണ് ടോയ്ലറ്റുകൾ ഒരുങ്ങിയിരിക്കുന്നത്. എസ്.ഡി.വി സ്കൂളിന് സമീപം ബിസ്മി സൂപ്പർമാർക്കറ്റിന് അടുത്തും, കല്ലുപാലത്തിലും താത്കാലിക സംവിധാനമെന്ന നിലയിൽ ഇ -ടോയ്ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരചത്വരത്തിന് എതിർവശത്ത് മുമ്പ് പ്രവർത്തിച്ചിരുന്ന കേന്ദ്രം വീണ്ടും വൃത്തിയാക്കി എടുത്തിട്ടുണ്ട്. ഇ-ടോയ്ലറ്റുകൾ ഒരു സമയം ഒരാൾക്ക് മാത്രമാണ് ഉപയോഗിക്കാനാവുക. നഗരചത്വരത്തിന് അകത്തും പുറത്തുമുള്ള കേന്ദ്രങ്ങളിൽ മൂന്ന് മുറികൾ വീതം സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ലഭ്യമാണ്. ചിറപ്പ് ആരംഭിക്കുന്ന പശ്ചാത്തലത്തിൽ തത്കാലം നിരക്ക് ഈടാക്കാതെ സൗജന്യമായാണ് കേന്ദ്രം പ്രവർത്തിക്കുക. ഇവിടേക്കുള്ള ജീവനക്കാരെയടക്കം നിയോഗിച്ചിട്ടുണ്ട്.
........
ടോയ്ലെറ്റുകൾ,എണ്ണം
നഗരചത്വരം (6)
നഗരചത്വരത്തിന് എതിർവശം (6)
ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപം(1)
കല്ലുപാലം(1)
......
നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും, അന്യ സംസ്ഥാന തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടുന്ന തരത്തിലാണ് പൊതുടോയ്ലെറ്റുകൾ സജ്ജമാക്കിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് താത്കാലിക സംവിധാനങ്ങളടക്കമാണ് ഒരുക്കിയിരിക്കുന്നത്. മുമ്പ് പ്രവർത്തിച്ചിരുന്നവ ഇനി മുതൽ സ്ഥിരമായി പ്രവർത്തിക്കും
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ