photo

ചേർത്തല: കൊലക്കേസ് പ്രതിയുടെ കണ്ണിൽ ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കടനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കാവതിയാൻ കുന്നേൽ വീട്ടിൽ സുനിലിനെ (41) ചേർത്തല പൊലീസ് 22 വർഷത്തിനു ശേഷം പിടികൂടി. പാല കുളക്കാട് സ്വദേശിയും ചേർത്തല മുനിസിപ്പൽ 4-ാം വാർഡ് നടുവിലേമുറിയിലെ താമസക്കാരനുമായ പ്രസാദിന്റെ (ഉണ്ണി-57) മുഖത്താണ് സുനിൽ ആസിഡ് ഒഴിച്ചത്.

2000 ഒക്ടോബറിൽ വാരനാട് ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. വൈക്കം സ്വദേശിയെ തണ്ണീർമുക്കം ബണ്ടിൽ വെച്ച് ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രസാദ്. കൊല്ലപ്പെട്ടയാളിന്റെ അനുജന്റെ സുഹൃത്താണ് സുനിൽ. ചേർത്തല ഇൻസ്‌പെക്ടർ ബി.വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ആർ.വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ വി.ജെ.ആന്റണി, സി.പി.ഒ മാരായ സെയ്ഫുദ്ദീൻ, ബിനുമോൻ, സിനോ എന്നിവർ ചേർന്ന് എറണാകുളം രാമമംഗലത്ത് വച്ചാണ് പ്രതിയെ അറസ്​റ്റ് ചെയ്തത്. ജാമ്യത്തിൽ ഇറങ്ങി 22 വർഷമായി പലസ്ഥലങ്ങളിലും ഒളിവിൽ താമസിച്ചു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.